അനിവര്‍ അരവിന്ദ്

മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 27 ലക്കത്തില്‍ പ്രസിദ്ധീകരിച്ചതു്

1966 മുതല്‍ 2010 ഫെബ്രുവരിവരെ അമേരിക്കയുടെ 274 എംബസികളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ 2,51,287 ഡിപ്ലോമാറ്റിക് കേബിളുകള്‍ വിക്കിലീക്‌സിന്റെ കൈവശമുണ്ടെന്നതാണ്  അമേരിക്കയുടെ ഉറക്കംകെടുത്തുന്ന പുതിയ വിവരം. അതില്‍ ആയിരത്തഞ്ഞൂറോളം എണ്ണം മാത്രമേ ഇതുവരെ അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുള്ളൂ.  വിക്കിലീക്‌സിനെ തകര്‍ക്കാനുള്ള അമേരിക്കന്‍  ശ്രമങ്ങള്‍ക്ക് ഒത്താശചെയ്തുകൊണ്ട്  ആസ്‌ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍ തുടങ്ങി നിരവധി രാജ്യങ്ങളും എവരി ഡി.എന്‍.എസ് , പേപാള്‍, ആമസോണ്‍, മാസ്റ്റര്‍ കാര്‍ഡ് , വിസ തുടങ്ങിയ കോര്‍പറേറ്റ് ഭീമന്മാരുമുണ്ട്.  സുപ്രധാന രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തുന്ന വിക്കിലീക്‌സിനെ ഭീകരസംഘടനയാക്കണമെന്ന വാദവുമായി യു.എസ് സെനറ്റര്‍ ലീബര്‍മാന്‍ രംഗത്തെത്തിയിട്ടുമുണ്ട് . വിക്കിലീക്‌സിന്റെ സെര്‍വറിനുനേരെ ഡോസ് (Denial of Service) ആക്രമണങ്ങള്‍ നടന്നുവരുന്നുണ്ട്. അനോണിമസ്  എന്ന ഒരു ഓണ്‍ലൈന്‍ സംഘമാകട്ടെ ട്വിറ്ററും ഐ.ആര്‍.സി (Internet Relay Chat) യുമുപയോഗിച്ച്  വിക്കിലീക്‌സിനു സേവനം നിഷേധിച്ചവരുടെ വെബ്‌സൈറ്റുകള്‍ക്കുനേരെ നിരവധി പേരുടെ സഹായത്തോടെ ഡിഡോസ് (Distributed Denial of Service) ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് .  ചുരുക്കിപ്പറഞ്ഞാല്‍ ‘ഒന്നാം വിവര യുദ്ധം’ എന്നു വിളിക്കപ്പെടുന്ന ഒരവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതു്.

അല്‍പം ചരിത്രം

വിക്കിലീക്‌സ് ഒരു പുതിയ പ്രോജക്ടല്ല .2006 ഡിസംബറിലാണ് വിക്കിലീക്‌സ് തുടങ്ങുന്നത്് .  ചൈനീസ് വിമതരും  പത്രക്കാരും ഗണിതശാസ്ത്രജ്ഞരും അമേരിക്ക, തായ്‌വാന്‍ ,യൂറോപ്പ് ,ആസ്‌ട്രേലിയ , സൗത്ത്  ആഫ്രിക്ക  തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരും ചേര്‍ന്നാണ്  തുടക്കംകുറിച്ചത്.   സത്യം വിളിച്ചുപറയുന്നവരെയും പത്രക്കാരെയും സെന്‍സിറ്റീവായ സര്‍ക്കാര്‍ രേഖകള്‍ പുറത്താക്കുകയോ ഇമെയില്‍ അയക്കുകയോ ചെയ്യുന്ന വ്യക്തികളെയും ഭരണകൂടങ്ങള്‍ വേട്ടയാടുന്നത്  തടയാനാണ് ഈ പബ്ലിക് ലീക്കിങ് പ്ലാറ്റ്‌ഫോം എന്ന ആശയത്തിന് വഴിമരുന്നിട്ടത്. 2005ല്‍  ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ വാര്‍ഷികത്തെപ്പറ്റിയുള്ള ഒരു ഗവണ്‍മെന്റ് മെയില്‍ പരസ്യമാക്കിയതിന്  ഷി താവോ എന്ന ചൈനീസ് ജേണലിസ്റ്റിനെ പത്തുവര്‍ഷം  തടവിലിട്ട നടപടിയാണ് പെട്ടെന്നുണ്ടായ  പ്രകോപനം.

1971ല്‍ ഡാനിയല്‍ എല്‍സ്ബര്‍ഗ്  പെന്റഗണ്‍ രേഖകള്‍ റിലീസ് ചെയ്തതായിരുന്നു ഇവരുടെ പ്രചോദനം . വിക്കിപീഡിയക്കൊക്കെ ഉപയോഗിക്കുന്ന ‘മീഡിയവിക്കി’ എന്ന സോഫ്റ്റ്‌വെയറും  ആരാണ് അപ്‌ലോഡ് ചെയ്യുന്നത് എന്നു മനസ്സിലാക്കാതിരിക്കാനായി ടോര്‍ എന്ന അനോണിമൈസര്‍ ടൂള്‍കിറ്റും സംയോജിപ്പിച്ചുള്ള ഒരു ലീക്കിങ് വെബ് പ്ലാറ്റ്‌ഫോമായിട്ടാണ്  വിക്കിലീക്‌സിന്റെ ആദ്യകാലഘടന

2008ലെ ഇക്കണോമിസ്റ്റ് മാഗസിന്റെ ന്യൂ മീഡിയ അവാര്‍ഡും  കെനിയയിലെ ജനങ്ങളെ പൊലീസ് കൊന്നൊടുക്കുന്നതിനെപ്പറ്റിയുള്ള കെനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമീഷന്റെ വെളിച്ചം കാണാഞ്ഞ റിപ്പോര്‍ട്ട് ലീക്ക് ചെയ്തതിന് 2009ലെ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ യു.കെ ന്യൂമീഡിയ അവാര്‍ഡും  വിക്കിലീക്‌സിന് ലഭിച്ചിട്ടുണ്ട് .

വിക്കിലീക്‌സ് പുറത്തിറക്കിയ വിവരങ്ങള്‍ നിരവധിയാണ് . ഗ്വണ്ടാനമോയിലെ അമേരിക്കന്‍ സേനയുടെ പ്രോട്ടോക്കോളും(2007),  ഒരു സ്വിസ്ബാങ്കിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും(2008), പെറു ഓയില്‍ കുംഭകോണത്തിന്റെ ഭാഗമായ 86 ടാപ്പ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളും(2009), stuxnet കമ്പ്യൂട്ടര്‍ വേം ബാധമൂലം ഇറാനിലെ  ഒരു  ന്യൂക്ലിയര്‍ ഫെസിലിറ്റിയില്‍ നടന്ന അപകടത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടും(2009), ഇന്ത്യയിലെ യുനീക് ഐ.ഡി പ്രോജക്ടിന്റെ പ്രോജക്ട് ഡോക്യുമെന്റും(2009),വിക്കിലീക്‌സിനെ എങ്ങനെ തകര്‍ക്കാം എന്ന അമേരിക്കന്‍ കൗണ്ടര്‍ ഇന്റലിജന്‍സ് ടീമിന്റെ റിപ്പോര്‍ട്ടും (2010), രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരടക്കമുള്ള ജനക്കൂട്ടം കൊല്ലപ്പെട്ട ബഗ്ദാദിലെ അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ വീഡിയോയും  അഫ്ഗാന്‍ യുദ്ധവിവരങ്ങളുമായി  ബന്ധപ്പെട്ട 7,69,000 രേഖകളും (2009) ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട നാലു ലക്ഷം രേഖകളും(ഒക്‌ടോബര്‍ 2009) എല്ലാം വിക്കിലീക്‌സിന്റെ സുപ്രധാന ലീക്കുകളില്‍ ചിലതാണ്.

ഇന്‍ഫര്‍മേഷന്‍ ആക്ടിവിസം

വിക്കിലീക്‌സ്  ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍ഫര്‍മേഷന്‍ ആക്ടിവിസം പ്രോജക്ടാണ് . ഞങ്ങള്‍ ഗവണ്‍മെന്റുകളെ തുറന്നവരാക്കുന്നു എന്ന മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന വിക്കിലീക്‌സ്, അവര്‍ക്കു കിട്ടുന്നവയില്‍  പൊതുജനങ്ങള്‍ അറിയേണ്ടതാണെന്നു കരുതുന്ന  രഹസ്യരേഖകളെ പരസ്യമാക്കുകയാണ് ചെയ്യുന്നത്.  വിക്കിലീക്‌സ്  വഴി പുറത്തുവന്ന ഇന്ത്യയുടെ യുനീക് ഐ.ഡി പ്രോജക്ടിന്റെതന്നെ ഉദാഹരണമെടുക്കാം. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് അപേക്ഷിച്ചിട്ടും കിട്ടാഞ്ഞ ഈ രേഖക്കുവേണ്ടി സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷനില്‍ പരാതികൊടുത്തിട്ടും ഫലമുണ്ടായില്ല. ജനങ്ങള്‍ക്കു ലഭ്യമാകാത്ത ഈ ഡോക്യുമെന്റ് നന്ദന്‍ നീലകനിയുടെ സൗഹൃദവൃന്ദത്തിലൊരാള്‍ എനിക്കയച്ചുതന്നു.  ഈ രേഖ പബ്ലിക് ആക്കാതെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷനുമുന്നില്‍ പരാതിയുമായി ചെല്ലാനാവില്ല . നന്ദന്റെ പി.ആര്‍ പണി ചെയ്യുന്ന പത്രങ്ങളാകട്ടെ ഇക്കാര്യം പബ്ലിഷ് ചെയ്യുകയുമില്ല.  അതുകൊണ്ട്, ഞാനതു വിക്കിലീക്‌സില്‍ അപ്‌ലോഡ് ചെയ്യുകയും അവര്‍ ഇത് റിലീസ് ചെയ്യുകയുമുണ്ടായി.  അതേക്കുറിച്ചന്വേഷിച്ച പത്രങ്ങളോട് നന്ദന്‍ പറഞ്ഞതു തങ്ങള്‍തന്നെയാണ് അത് വിക്കിലീക്‌സില്‍ കൊടുത്തതെന്നാണ് . സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമീഷനാകട്ടെ യു.ഐ.ഡി പ്രോജക്ടിനെ ശാസിക്കുകയും അവരോട് വെബ്‌സൈറ്റ് തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

2ജി വിവാദവുമായി ബന്ധപ്പെട്ട റാഡിയ ടേപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നമ്മുടെ പത്രക്കാര്‍ക്ക്  ലഭ്യമായിരുന്നു. ഓപണ്‍ മാഗസിന്‍ അവ പ്രസിദ്ധീകരിക്കുംവരെ ഇവയൊന്നും ജനം അറിഞ്ഞില്ല. അതേസമയം, ആരെങ്കിലും ഇവ വിക്കിലീക്‌സില്‍ കൊടുത്തിരുന്നെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചേനെ.

ഗവണ്‍മെന്റുകള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍  മേശപ്പുറത്തുവെക്കാതെപോകുന്ന നിരവധി റിപ്പോര്‍ട്ടുകള്‍, ജുഡീഷ്യല്‍ അന്വേഷണവിവരങ്ങള്‍ ഇവയെല്ലാം ഒരു ലീക്കിങ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവരുന്നത് ഗവണ്‍മെന്റുകളുടെയും കോര്‍പറേറ്റുകളുടെയും ഉറക്കംകെടുത്തുമെങ്കിലും ആത്യന്തികമായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.   ലോകത്തെയും വാര്‍ത്താവിതരണത്തെയും മാറ്റിമറിക്കുന്ന വിക്കിലീക്‌സിന്റെ  മാതൃകയില്‍ നിരവധി പുതിയ വെബ്‌സൈറ്റുകളും ഉദയംചെയ്യുന്നുണ്ട്. പഴയ വിക്കിലീക്‌സ് പ്രവര്‍ത്തകര്‍ തുടങ്ങുന്ന ഓപണ്‍ ലീക്‌സ് , ഇന്തോനേഷ്യന്‍ ആക്ടിവിസ്റ്റുകളുടെ മുന്‍കൈയില്‍ തുടങ്ങുന്ന ഇന്തോലീക്‌സ് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

നെറ്റ് ന്യൂട്രാലിറ്റി

 

വിക്കിലീക്‌സുമായി ബന്ധപ്പെട്ട പുതിയ വിവാദം ശ്രദ്ധേയമാകുന്നത്  നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ടുകൂടിയാണ് . നെറ്റ്‌വര്‍ക് സൗകര്യങ്ങള്‍ ഏവര്‍ക്കും പൊതുവായുള്ളതാണെന്നും  അത് അങ്ങനെത്തന്നെ നിലനിര്‍ത്തേണ്ടത്് ഇന്റര്‍നെറ്റിന്റെ സുസ്ഥിരവികസനത്തിന് അത്യാവശ്യമാണെന്നുമുള്ള ഒരുകൂട്ടം നയങ്ങളാണ് നെറ്റ് ന്യൂട്രാലിറ്റി.  ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഒരു വ്യക്തിക്കോ സംഘടനക്കോ നിഷേധിക്കുന്നത് നെറ്റ് ന്യൂട്രാലിറ്റിക്കെതിരാണ് .  കേബിളുകള്‍ പുറത്തിറക്കിയതിനു പിന്നാലെ, അമേരിക്കന്‍ സെനറ്റര്‍ ജോ ലീബര്‍മാന്റെ ആഹ്വാനത്തെത്തുടര്‍ന്ന്   wikileaks.org എന്ന വെബ് വിലാസത്തിനു വേണ്ട സേവനങ്ങള്‍ നല്‍കുന്ന എവരി ഡി.എന്‍.എസ് എന്ന കമ്പനി അത് പെട്ടെന്നു റദ്ദാക്കി. വെബ് വിലാസങ്ങള്‍  ഒരു സെര്‍വര്‍ വിലാസത്തിലേക്കു ബന്ധപ്പെടുത്തുന്ന ഈ സര്‍വീസ് പ്രവര്‍ത്തിക്കാതായതോടെ വിക്കിലീക്‌സ് വെബ്‌സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി . അപ്പോഴേക്കും വിക്കിലീക്‌സ് പ്രവര്‍ത്തകര്‍ wikileaks.ch എന്ന വിലാസത്തിലേക്ക് അതിനെ മാറ്റി സ്ഥാപിച്ചു.   അതിനിടയില്‍, ക്ലൗഡ് ഹോസ്റ്റിങ് സേവന ദാതാവായ ആമസോണ്‍.കോം  കേബിള്‍ഗേറ്റ് വിവരങ്ങളടങ്ങുന്ന വെബ്‌സൈറ്റിനെ അവരുടെ സെര്‍വറില്‍നിന്നൊഴിവാക്കി .  ചുരുക്കിപ്പറഞ്ഞാല്‍  ഇന്റര്‍നെറ്റില്‍ എന്തുവേണമെന്ന് ഹോസ്റ്റിങ് , വെബ് വിലാസ കമ്പനികളും അമേരിക്കന്‍ ഗവണ്‍മെന്റും ചേര്‍ന്ന് തീരുമാനിക്കുന്ന ഒരു സ്ഥിതിവിശേഷം സംജാതമായി.   തങ്ങള്‍ക്കിഷ്ടമില്ലാത്ത രഹസ്യവിവരങ്ങളെയും രാഷ്ട്രീയ അഭിപ്രായങ്ങളെയും  ജനങ്ങളിലെത്തുന്നതിനെ സ്വന്തം അധികാരങ്ങളുപയോഗിച്ച് തടയുന്ന ഇത്തരം വാതില്‍ സംരക്ഷകരാണ് (gate keepers ) നെറ്റ് ന്യൂട്രാലിറ്റിക്കുനേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി .  ഇതിനു പിന്നാലെ പേപാള്‍ എന്ന ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനി വിക്കിലീക്‌സിലേക്കുള്ള സംഭാവനാ സൗകര്യം തടയുകയും അക്കൗണ്ടിലെ പണം മരവിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മാസ്റ്റര്‍കാര്‍ഡും വിസ യൂറോപ്പും തങ്ങളുടെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് വിക്കിലീക്‌സിനു സംഭാവന നല്‍കാനുള്ള സൗകര്യം നിര്‍ത്തലാക്കി . ‘മണിബുക്കേഴ്‌സ്’ എന്ന ഓണ്‍ലൈന്‍ പണമിടപാടു കമ്പനിയും ഇതിനുമുമ്പേ വിക്കിലീക്‌സിനുള്ള സേവനം അവസാനിപ്പിച്ചിരുന്നു.  ഇത് നിയന്ത്രിക്കുന്നത് ഉപയോക്താവിനെയാണ്. വിക്കിലീക്‌സിനെതിരെ ഒരു കേസും ലോകത്ത് നിലവിലില്ലെന്നിരിക്കെ സംഭാവന കൊടുക്കുന്ന വ്യക്തിയെ അതില്‍നിന്നു തടയുന്ന വാതില്‍ സംരക്ഷണമാണ് അമേരിക്കന്‍ ഗവണ്‍മെന്റിനുവേണ്ടി ഈ കമ്പനികള്‍ നടത്തുന്നത്.  യു.എന്‍ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍വരെ രഹസ്യനിരീക്ഷണം നടത്താന്‍ അമേരിക്ക നിര്‍ദേശം നല്‍കിയെന്നടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് തങ്ങള്‍ മാറില്ലെന്ന് പ്രഖ്യാപിക്കുന്നതരം ഇത്തരം വാതില്‍നിയന്ത്രണങ്ങള്‍ കോര്‍പറേറ്റ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്.  അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇങ്ങനെ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കാര്‍ഡും പേപാള്‍ ഉടമസ്ഥരുടെ വകയായ ഒമിഡയാര്‍ ഫൗണ്ടേഷനും  എല്ലാം ഇന്ത്യയുടെ യുനീക് ഐഡന്റിറ്റി പ്രോജക്ടിന്റെ പങ്കാളികളാണെന്നുള്ളതും , മുന്‍ സി.ഐ.എ ചീഫ് ബോര്‍ഡ് അംഗമായ എല്‍.വണ്‍ എന്ന അമേരിക്കന്‍ കമ്പനിയാണ് യു.ഐഡി പ്രോജക്ടിനുവേണ്ട ബയോമെട്രിക്  കരാറുകള്‍ ഏറ്റെടുക്കുന്നതെന്നതും വിക്കിലീക്‌സ് വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍  നമ്മെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്്.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇത്തരത്തിലുള്ള ഗേറ്റ് കീപ്പിങ്ങിനോട്  പ്രതികരിച്ച രീതികള്‍ എന്തായാലും പ്രതീക്ഷയുണര്‍ത്തുന്നതാണ് .  ലോകമെമ്പാടുമുള്ള നിരവധി ജനങ്ങള്‍ തങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന വെബ് വിലാസങ്ങള്‍ വിക്കിലീക്‌സിന്റെ സെര്‍വര്‍ വിലാസത്തിലേക്ക്  ചൂണ്ടുംവിധമാക്കി . ഈ ലേഖകന്റെ വക wikileaks.anivar.in അത്തരത്തിലൊന്നാണ് .  ഒരു ഡൊമൈന്‍ പിടിച്ചടക്കിയതുകൊണ്ടുമാത്രം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനാവില്ല എന്നവര്‍ തെളിയിച്ചു .  അതുപോലെ, പണ്ട് എഫ്.ബി.ഐ ഇന്‍ഡിമീഡിയപോലുള്ള ന്യൂസ് സ്ഥാപനങ്ങളോട് കാട്ടിയപോലെയും ഇപ്പോള്‍ ആമസോണ്‍ വിക്കിലീക്‌സിനോട് ചെയ്തപോലെയും ഒരു സെര്‍വര്‍ സേവനം ഇല്ലാതാക്കി വിക്കിലീക്‌സിനെ തോല്‍പിക്കാനാവില്ല എന്നു തെളിയിച്ചുകൊണ്ട് നിരവധിപേര്‍ വിക്കിലീക്‌സ് ഡാറ്റയുടെ പ്രതിബിംബങ്ങള്‍ തങ്ങളുടെ സെര്‍വറുകളിലുണ്ടാക്കാന്‍ തുടങ്ങി. ഇതെഴുതുമ്പോള്‍ വിക്കിലീക്‌സിന് ഇങ്ങനെയുള്ള 2340 പ്രതിബിംബങ്ങളുണ്ട്.

ഇന്റര്‍നെറ്റ് ഗവേണന്‍സ്‌

ഇന്റര്‍നെറ്റ് ഭരണവും അതിനെ ഭരണകൂട നിയന്ത്രണവും,  അധികാരങ്ങളുടെ കോര്‍പറേറ്റ് കേന്ദ്രീകരണവും ആയി ബന്ധപ്പെട്ട  നിരവധി ആശങ്കകള്‍ വിക്കിലീക്‌സ് വിവാദം ഉയര്‍ത്തുന്നുണ്ട് .  വിക്കിലീക്‌സ് വിവാദത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. അഞ്ച് പ്രധാന പത്രങ്ങളുമായിച്ചേര്‍ന്നാണ് വിക്കിലീക്‌സ് കേബിള്‍ലീക്‌സ് വിവരങ്ങള്‍ പുറത്തിറക്കിയത്. വിക്കിലീക്‌സ് അവര്‍ക്കു നല്‍കിയ കേബിളുകള്‍ വായിച്ച് ഈ അഞ്ച് പത്രങ്ങളും പുറത്തിറക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായ രേഖകളാണ് ഇപ്പോള്‍ വിക്കിലീക്‌സ് ഇറക്കിക്കൊണ്ടിരിക്കുന്നത്.  വിക്കിലീക്‌സിന്റെ കൈയിലുള്ള കേബിളുകളുടെ ഒരുശതമാനംപോലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇറങ്ങുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന രേഖകള്‍ വെളിവാക്കി അതിന്റെ വിശ്വാസ്യത ഉറപ്പിക്കുകയാണ് വിക്കിലീക്‌സ് ചെയ്യുന്നത്.  എന്നിട്ടാണ് അസാന്‍ജിനെയും വിക്കിലീക്‌സിനെയും  പുതിയ നിയമമുണ്ടാക്കി കുടുക്കാന്‍ ലീബര്‍മാന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സെനറ്റര്‍മാര്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ഏതു നിയമവും ഇന്റര്‍നെറ്റിനുമേലുള്ള ഭരണകൂടനിയന്ത്രണമാണ് കൊണ്ടുവരുക.  നിയമപരമായ ഒരു കുറ്റവും ചൂണ്ടിക്കാണിക്കാനില്ലാതെയാണ് ഉസാമ ബിന്‍ലാദിനെപ്പോലെ അസാന്‍ജിനെ വേട്ടയാടണമെന്ന് ഹിലരി ക്ലിന്റന്‍ പറയുന്നത്.    മനുഷ്യാവകാശത്തിലൂന്നിവേണം അന്താരാഷ്ട്രതലത്തിലുള്ള ഇന്റര്‍നെറ്റ് ഗവേണന്‍സ് ശ്രമങ്ങളുണ്ടാകേണ്ടത് എന്നാണ്  2005ല്‍ ട്യൂനിസില്‍ നടന്ന ഡബ്ല്യ.എസ്.ഐ.എസി (World Summit on Information Society) ന്റെ നയപ്രഖ്യാപനത്തില്‍ പറയുന്നത്.  ഭരണകൂട താല്‍പര്യത്തിനു വഴങ്ങി  അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനും ഇന്റര്‍നെറ്റിനെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ശ്രമിക്കുന്നത് സിവില്‍ സമൂഹത്തിന്റെ ശ്രദ്ധപതിയേണ്ട വിഷയമാണ് . ക്ലൗഡ് കമ്പ്യൂട്ടിങ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സംരക്ഷിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേവനം റദ്ദുചെയ്യുന്ന ആമസോണിന്റെ പ്രവര്‍ത്തനവും പേപാളിന്റെയും വിസയുടെയും മാസ്റ്റര്‍കാര്‍ഡിന്റെയും പണമിടപാടുകളുടെ തടയലും ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതതന്നെയാണ് ചോദ്യംചെയ്യുന്നത്.

പുതിയ തിരിച്ചറിവുകള്‍

സുതാര്യമായ ഒരു സമൂഹത്തില്‍ വിക്കിലീക്‌സ് പോലുള്ള പ്രോജക്ടുകള്‍ക്ക് നിലനില്‍പില്ല.  പുറത്തിറങ്ങാത്ത  റിപ്പോര്‍ട്ടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ലീക്കിങ്ങുകള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ലീക്കുകള്‍ സംഭവിക്കുന്നത് സുരക്ഷഭേദിച്ചൊന്നുമല്ല. എല്ലായ്‌പോഴും അധികാരത്തിന്റെ ഇടനാഴികളിലുള്ള ഒരുപറ്റം ആളുകളുടെ കൈയില്‍ പുറത്തിറങ്ങാത്ത പല സുപ്രധാന രേഖകളും എത്താറുണ്ട്. അതിലേതെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ , അനോണിമസായി ഈ രേഖ പുറത്തുകൊണ്ടുവരാനുള്ള സാഹചര്യമൊരുക്കുക മാത്രമാണ് ലീക്കിങ് പ്ലാറ്റ്‌ഫോമുകള്‍.  ലീക്കുകളെ പബ്ലിക് ആക്കുക മാത്രമാണ് അവ ചെയ്യുന്നത് .  വിക്കിലീക്‌സ് പബ്ലിക് സബ്മിഷനുകള്‍ തല്‍ക്കാലം നിര്‍ത്തിയിരിക്കുന്നതിനാല്‍ പുതിയ ലീക്കിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ പ്രസക്തിയുണ്ട് .  റാഡിയ ടേപ്പുകളെപ്പോലെയുള്ള വിവരങ്ങള്‍ പുറത്തുവരാനായി എപ്പോഴും ഒരു ഓപണ്‍ മാഗസിനും ഔട്ട്‌ലുക്കും ഉണ്ടാവണമെന്നില്ലല്ലോ.

വിക്കിലീക്‌സിനു നേരെയുള്ള കോര്‍പറേറ്റ് അറ്റാക്കുകള്‍ക്കുശേഷം നിരവധി പുതിയ ശ്രമങ്ങള്‍ ഉടലെടുക്കുന്നുണ്ട്.  ഇന്റര്‍നെറ്റിലെ സേവനങ്ങളുടെ  കേന്ദ്രീകൃതസ്വഭാവം മാറ്റി വികേന്ദ്രീകൃതമായ രീതിയില്‍ (peer to peer) പ്രവര്‍ത്തിക്കുന്ന സര്‍വീസുകളാണ് ഇവയില്‍ മിക്കവയും. പേപാളിനും വിസക്കുമൊക്കെ പകരം പണം കൈമാറ്റം ചെയ്യാനായി ബിറ്റ്കോയിന്‍ എന്ന പുതിയ പ്രോജക്ട് തയാറായിട്ടുണ്ട്. വികേന്ദ്രീകൃതമായ വെബ് വിലാസങ്ങള്‍ നടപ്പാക്കാനായി ഡോട്ട്പി2പി  എന്ന പ്രോജക്ടും ഉണ്ടായിവരുന്നുണ്ട്.

വിക്കിലീക്‌സ് ഇന്നൊരു ചൂണ്ടുപലകയാണ് -അമേരിക്കയുടെ യുദ്ധകുറ്റകൃത്യങ്ങളുടെ, നിരവധി മനുഷ്യാവകാശലംഘനങ്ങളുടെ,  കോര്‍പറേറ്റ് ഭീകരതയുടെ,  രഹസ്യരേഖകള്‍ എന്നും മൂടിവെക്കപ്പെടുകയില്ലെന്നതിന്റെ , സിവില്‍ സമൂഹത്തിന്റെ പോരാട്ടത്തിന്റെയും വിജയത്തിന്റെയും. വിക്കിലീക്‌സ് ഉണ്ടായിരുന്നെങ്കില്‍ ഇറാഖ് യുദ്ധവും സെപ്റ്റംബര്‍ 11 ഉം ഒന്നും ഉണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായങ്ങളും ഉയരുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിക്കിലീക്ക്‌സിന്റെ പ്രതിബിംബങ്ങള്‍ നിര്‍മിച്ചുകൊണ്ട് പിന്തുണ അറിയിച്ചുകഴിഞു. ലോകത്ത് 30ലധികം രാജ്യങ്ങളില്‍ അസാന്‍ജക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്  പ്രതിഷേധങ്ങളുയര്‍ന്നു .

എന്തായാലും, ലോകം മാറുകയാണ് . അത് കോര്‍പറേറ്റുകളെയും ഗവണ്‍മെന്റുകെളയും

കൂടുതല്‍ സുതാര്യതയിലാകട്ടെയെന്നു നമുക്കു പ്രതീക്ഷിക്കാം.

ഈ ലേഖനം ക്രിയേറ്റിവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക് 2.5 ഇന്ത്യ (CC-BY-SA 2.5 In) പ്രകാരം പുനപ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുന്നു.

പിഡിഎഫ് ഇവിടെ | മാധ്യമം വെബ്ബ്സൈറ്റില്‍