അനിവര്‍ അരവിന്ദ്

മാധ്യമം ആഴ്ച്ചപ്പതിപ്പ് 2012 ഫെബ്രുവരി 13

സെന്‍‌സര്‍ഷിപ്പ് എന്നു തെളിച്ചു പറയാതെ ഇന്റര്‍നെറ്റ് സെന്‍‌സര്‍ ചെയ്യാനുള്ള ഇന്ത്യാ ഗവണ്‍‌മെന്റിന്റെ ശ്രമങ്ങള്‍ സജീവമാവുകയാണ്. ഐ.ടി ആക്‌റ്റ് 2008 ന്റെയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തുവന്ന ‘ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് റൂള്‍സ്’ എന്ന നോട്ടിഫിക്കേഷനിലുടെയും ഈ ശ്രമം പകുതി വിജയിച്ചു കഴിഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ക്ക് ‘സ്വയം നിയന്ത്രണം’ കൊണ്ടു വരണമെന്ന പ്രസ്താവനയും വിവരങ്ങളുടെ നശിപ്പിക്കല്‍ ഉടന്‍ സാധ്യമാക്കാനുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍ കോപ്പിറൈറ്റ് നിയമത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഒക്കെയായി  സെന്‍സറിങ്ങിന്റെ എല്ലാ തെളിവുകളും കൂടി നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങള്‍ വിവരവിനിമയ സാങ്കേതികവകുപ്പു മന്ത്രി കപില്‍ സിബലിന്റെ നേതൃത്വത്തില്‍ സജീവമായി നടക്കുന്നു.

കൂട്ടത്തില്‍ എരിവുകൂട്ടാനായി ദല്‍‌ഹി ഹൈക്കോടതിയില്‍ 21 ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ ‌_അക്‌ബാരി_ എന്ന ഉര്‍‌ദു പത്രത്തിന്റെ പത്രാധിപര്‍ വിനയ് റായ്‌ കൊടുത്ത കേസും. ഇന്റര്‍നെറ്റിനുമേല്‍ അമേരിക്കന്‍ ഭരണകൂടം കൊണ്ടുവരാന്‍ ശ്രമിക്കുന്ന SOPA, PIPA നിയന്ത്രണങ്ങള്‍ക്കെതിരെ വെബ്‌സൈറ്റ് അടച്ചുപൂട്ടി ഇന്റര്‍നെറ്റ് ലോകം സമരം പ്രഖ്യാപിച്ച അതേ സമയത്തുതന്നെയാണ്‌ ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്നത്.

ആശയപ്രകാശനത്തിന്റെ പുതുവഴി വെട്ടിത്തുറന്ന്, തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യക്കാര്‍ക്ക് പരിചിതമായിത്തുടങ്ങിയ ഇന്റര്‍നെറ്റിന്റെ ഇക്കഴിഞ്ഞ ദശാബ്‌ദം നമുക്കുമുന്നില്‍ തുറന്നുതന്നത് ആശയവിനിമയത്തിന്റെയും അവനവന്‍ പ്രസാധനത്തിന്റെയും കൂട്ടായ വിവരനിര്‍‌മ്മിതിയുടെയും പുതിയ സാധ്യതകളായിരുന്നു. ഇന്റര്‍നെറ്റിന്റെ ഈ പടര്‍ന്നുകയറല്‍ നമ്മുടെ അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിച്ച പലതും തുറന്നുവെച്ച് ചര്‍ച്ചയാക്കി. സ്വതന്ത്ര ആശയപ്രകാശനത്തിന്റെ തള്ളിച്ചയും വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ പരാജയവും പല സ്വേച്ഛാധിപതികളുടെയും ഉറക്കം കെടുത്തി. ഒരു ഭാഗത്ത് പുതിയ സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്‌മകളുടെയും നിര്‍മ്മാണത്തിന്‌ ഇടംനല്‍കി ഇന്റര്‍നെറ്റ് പടര്‍ന്നപ്പോള്‍ ചൈനപോലെ പല രാജ്യങ്ങളും അതിനെ സ്വന്തം വരുതിക്ക് കൊണ്ടുവരാന്‍ കടുത്ത നിയമങ്ങളും ഫില്‍‌റ്ററിങ് ശ്രമങ്ങളുമൊക്കെ ഏര്‍പ്പെടുത്തിനോക്കി. കുത്തക മാധ്യമ ഭീമന്മാര്‍ ഗവണ്‍‌മെന്റുകളെ സ്വാധീനിച്ച് കരിനിയമങ്ങളുണ്ടാക്കി ഇന്റര്‍നെറ്റ് വഴിയുള്ള പങ്കുവെക്കലുകളെ തടയാന്‍ ശ്രമിച്ചു.

2010 ഓടെ, _വിക്കിലീക്സി_ലൂടെ വിവരജനാധിപത്യത്തിന്റെ വിസ്‌ഫോടനങ്ങള്‍ കണ്ട ജനാധിപത്യ രാജ്യങ്ങള്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ സജീവമാക്കി. 2011 വിവരജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പോര്‍‌മുഖങ്ങള്‍ ദര്‍‌ശിച്ച വര്‍ഷമായിരുന്നു. വിക്കിലീക്സിനെതിരെ ഇന്റര്‍നെറ്റ് കമ്പനികളെയും ബാങ്കുകളെയും ഉപയോഗിച്ച് അമേരിക്കന്‍ ഭരണകൂടം നടത്തിയ പോര്‍‌വിളികളെ കൂട്ടായ്മയുടെ സംഘബലത്തില്‍ ചെറുത്തുതോല്‍‌പിച്ചതില്‍ നിന്നുതുടങ്ങി, അറബ്‌വസന്തത്തിന്റെ മാധ്യമമായി മാറിയതിന്റെ നേര്‍‌ക്കാഴ്ച്ചകളിലൂടെ സഞ്ചരിച്ച്, അമേരിക്കയുടെ മൂക്കിന്‍ തുമ്പിലെ വാള്‍‌സ്ട്രീറ്റ് പിടിച്ചെടുക്കലിലെത്തി കേന്ദ്രരഹിത ജനസഞ്ചയ വിപ്ലവങ്ങളെ സാധ്യമാക്കുന്ന പ്രധാനഘടകമായി വളരുകയായിരുന്നു ഇന്റര്‍നെറ്റ്. ഇതോടെ അതിനും അതിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും കൂച്ചുവിലങ്ങിടാന്‍ അമേരിക്കമുതല്‍ ഇന്ത്യ വരെ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്ന കാഴ്ച്ചയാണിന്ന് നമ്മള്‍ കാണുന്നത്.

ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഭരണം

ഇന്റര്‍നെറ്റും അതിനുമീതെയുള്ള ഭരണകൂടനിയന്ത്രണവും ഇന്ത്യയില്‍ ചര്‍ച്ചയാകാന്‍ തുടങ്ങുന്നത് 1999ല്‍ കാര്‍‌ഗില്‍ യുദ്ധസമയത്ത് പാകിസ്താനി പത്രമായ _ഡോണി_ന്റെ വെബ്‌സൈറ്റ് രാജ്യത്ത് നിരോധിച്ചതോടെയാണ്‌. 2003ല്‍ ഒരു നോര്‍ത്ത് ഈസ്റ്റ് പ്രസ്ഥാനത്തിന്റെ യാഹൂ ഗ്രൂപ്പ് നിരോധിച്ചതും ചര്‍ച്ചയായി. അതിനുശേഷം ഇന്ത്യാഗവണ്‍‌മെന്റ് ഓരോ ഭീകരാക്രമണങ്ങളും ഇന്റര്‍നെറ്റിനെയും മറ്റു കമ്യൂണിക്കേഷന്‍ സൗകര്യങ്ങളെയും നിയന്ത്രിക്കാനുള്ള വടിയായാണ്‌ കണ്ടത്. 2006ല്‍ മും‌ബൈ ഭീകരാക്രമണത്തിനു പിന്നാലെ ബ്ലോഗ്‌സ്പോട്ട്, ടൈപ്പ്‌പാഡ് ബ്ലോഗുകള്‍ അപ്പാടെയും യാഹൂ ജിയോസിറ്റിസ് എന്ന വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കാന്‍ ഇടം നല്‍കിയിരുന്ന സര്‍‌വീസും അടക്കം 17 വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ബ്ലോഗര്‍മാര്‍ ഇതിനെതിരെ ‘ബ്ലോഗേര്‍സ് എഗൈന്‍സ്റ്റ് സെന്‍സര്‍ഷിപ്’ എന ഗ്രൂപ്പുണ്ടാക്കി സമരം തുടങ്ങുകയും ഈ ബ്ലാങ്കറ്റ് ബാന്‍ പിന്‍‌വലിക്കപ്പെടുകയും ചെയ്‌തു.

പാര്‍‌ലമെന്റ് ചര്‍ച്ചകൂടാതെ പാസാക്കിയ ഐ.ടി ആക്‌റ്റ് 2008 ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപിനും ആക്റ്റ് ഉപയോഗിച്ചുള്ള അപകീര്‍ത്തിക്കേസുകള്‍ക്കും നിലമൊരുങ്ങി. പുണെപൊലീസും ബാല്‍‌താക്കറെയും നരേന്ദ്രമോഡിയും സോണിയാഗാന്ധിയും വരെ ഈ വാളെടുത്ത് വെളിച്ചപ്പാടായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ആശയപ്രകാശനത്തിനു ക്രിമിനല്‍ നടപടികള്‍ കൊണ്ട് കൂച്ചുവിലങ്ങിടാന്‍ ആവോളം ശ്രമം നടന്നു. ഗൂഗ്‌ള്‍ ട്രാന്‍സ്പെരന്‍‌സി റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെയുള്ള സ്ന്‍സര്‍ഷിപ് ശ്രമങ്ങളില്‍ വന്‍ വര്‍ധനയാണ്‌ ഇക്കാലത്തുണ്ടായിട്ടുള്ളത്.

ഐ.ടി ആക്‌റ്റിന്റെ 69എ വിഭാഗം അനുസരിച്ച് സര്‍ക്കാരിന് ഇപ്പോള്‍തന്നെ സെന്‍സര്‍ഷിപ് അവകാശങ്ങളുണ്ട്. 2011 ജനുവരിക്കും ജൂണിനുമിടയില്‍ മാത്രം നീക്കം ചെയ്യാനാവശ്യപ്പെട്ട 358 ഇന്റര്‍നെറ്റ് പോസ്റ്റുകളില്‍ 261 എണ്ണവും ഗവണ്‍‌മെന്റിനെ വിമര്‍ശിക്കുന്നവ എന്ന വിഭാഗത്തിലാണ്‌. ഇതില്‍തന്നെ വെറും ആറെണ്ണം ഒഴിച്ച് 255 എണ്ണവും (71 ശതമാനം) ഒരു കോടതി വിധിയുടെയും പിന്‍‌ബലമില്ലാതെയാണ്‌ ഇന്റര്‍നെറ്റില്‍ നിന്ന് മായ്ക്കപ്പെട്ടത്. ഗവണ്‍‌മെന്റിനെ വിമര്‍ശിക്കല്‍ എന്നത് കുറ്റകരമല്ലാതിരിക്കെയാണ്‌ ഗൂഗ്‌ള്‍ സര്‍ക്കാര്‍ ആവശ്യമനുസരിച്ച് വിവരങ്ങള്‍ മായ്ച്ചതും.

ഇതോടൊപ്പം തന്നെയാണ്‌ ഇന്ത്യ ബ്ലാക്‌ബെറി, ഗൂഗ്‌ള്‍, ഫേസ്‌ബുക്ക് തുടങ്ങിയ സേവനദാതാക്കളോട് അവരുടെ സെര്‍‌വറുകള്‍ വഴിയുള്ള ആശയവിനിമയം നിരീക്ഷിക്കാനും അത് ആക്‌സസ് ചെയ്യാനുമുള്ള സൗകര്യം നല്‍കാനാവശ്യപ്പെടുന്നത്. ഇതോടൊപ്പം തന്നെയാണ്‌ അക്കൗണ്ട് വെരിഫിക്കേഷന്‍ ഉത്തരവാദിത്തം ഈ കമ്പനികള്‍ക്കു മേല്‍ ഏല്‍‌പ്പിക്കുന്നതും ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍‌വഴി അവ അത് കഴിയുന്നത്ര ലഭ്യമാക്കുന്നതും. അതും പോരെന്നു കരുതിയാണ്‌ 2011 ഏപ്രിലില്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്കുവെക്കാതെ, ഭരണഘടനഅവിരുദ്ധമായ പല നിര്‍‌ദേശങ്ങളുമടങ്ങിയ ഐ.ടി ഡിപ്പര്‍ട്മെന്റ് തയ്യാറാക്കിയ ഇന്റര്‍‌മീഡിയറി ഗൈഡ്‌ലൈന്‍സ് റൂള്‍സും സൈബര്‍കഫേ റൂള്‍സും നോട്ടിഫിക്കേഷനായി പുറത്തിറങ്ങുന്നത്. ഗവണ്മെന്റിനു മാത്രമല്ല, ഇന്ത്യയിലെ ഏതു പൗരനും ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യാന്‍ അവസരം നല്‍കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. അതായത്, നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു ഇന്റര്‍നെറ്റ് പരാമര്‍ശം വിലകെടുത്തുന്നതായി (disparaging) തോന്നുന്നുവെങ്കില്‍, അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഹാനികരമാണെന്ന് സമര്‍ത്ഥിക്കാമെങ്കില്‍, ചൂതാട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ പരാമര്‍ശം നീക്കാന്‍ ഇന്റര്‍നെറ്റ് സര്‍‌വിസ് പ്രൊവൈഡര്‍‌മാര്‍ക്ക് പരാതി നല്‍കാം. വെബ്‌സൈറ്റിന്റെ ഉടമയോട് ചോദിക്കുകപോലും ചെയ്യാതെ ആ പേജ് 36 മണിക്കൂറിനുള്ളില്‍ മായ്ക്കുക എന്നത് സര്‍‌വിസ് പ്രൊവൈഡര്‍മാരുടെ ഉത്തരവാദിത്തമാണ്‌.

ഉദാഹരണത്തിന്‌, മാധ്യമം ആഴ്ച്ചപ്പതിപ്പ് കുറച്ചുകാലത്തിനു മുമ്പ് പ്രസിദ്ധീകരിച്ച ‘ചുതാട്ടക്കാരല്ലാത്തവര്‍ക്ക് പ്രവേശനമില്ല’ എന്ന സുരേഷ് പി. തോമസിന്റെ നോവല്‍ ആഴ്ച്ചപ്പതിപ്പിന്റെ ഓണ്‍‌ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചുവെന്ന് വെക്കുക. അത് കണ്ട ഒരാള്‍ പ്രസ്‌തുതഭാഗം ചൂതാട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നു പറഞ്ഞ് പരാതിപ്പെട്ടെന്നും കരുതുക. മാധ്യമത്തിനോ സുരേഷ് പി. തോമസിനോ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം പോലും നല്‍‌കാതെ ആ പേജ് ഇന്ത്യയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമാകും. ഇന്റര്‍‌നെറ്റിന്റെ ഓര്‍മ്മയില്‍ നിന്ന്, സെര്‍ച്ച് എന്‍‌ജിനുകളില്‍ നിന്ന് എല്ലാം അത് നീക്കം ചെയ്യപ്പെടും. (ഈ നിയമം ഭരണഘടനയുടെ 19(1)(a), 19(2) ആര്‍ട്ടിക്കിളുകള്‍ ഉറപ്പു തരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്‍ വിലക്കുകല്‍‌പ്പിക്കാനുള്ള ശ്രമമാണ്‌. അതോടൊപം പുസ്തകക്കടകളില്‍ ലഭ്യമായ ഒരു പുസ്തകം ഇ-ബുക് ആവുന്നതോടെ ഒരു അടയാളം പോലും ഇന്റര്‍നെറ്റില്‍ ശേഷിപ്പിക്കാതെ അത് സെന്‍സര്‍ ചെയ്യാനുള്ള അവസരവും പുതിയ ഓര്‍ഡിനന്‍സ് നല്‍കുന്നു.

ഈ നിയമത്തിലെ ‘ഇന്റര്‍മീഡിയറി’ എന്നത് ഒരു വല്ലാത്ത വാക്കാണ്‌. സര്‍‌വിസ് പ്രൊവൈഡര്‍മാര്‍ മാത്രമല്ല എല്ലാ വെബ് സര്‍‌വിസ് കമ്പനികളും ഈ വാക്കിനു കീഴില്‍ വരും. പരാതി കിട്ടി 36 മണിക്കൂറിനുള്ളില്‍ ആ പേജ് നീക്കം ചെയ്‌തില്ലെങ്കില്‍ ഇന്റര്‍മീഡിയറികളെ ഏഴു വര്‍ഷം തടവിന് ശിക്ഷിക്കാമെന്നാണ്‌ നിയമത്തിലെ വകുപ്പ്. അതായത്, ഒരാള്‍ മറ്റൊരാള്‍ക്ക് കത്തയച്ചതിന്‌ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്‌ ശിക്ഷ വിധിക്കുന്ന ഏര്‍പ്പാട്. രാജാവിനെക്കാള്‍ കൂടുതല്‍ രാജഭക്തി കാണിക്കുന്ന കമ്പനികളുടെ അമിത സെന്‍സറിങ്ങും സെന്‍സര്‍ഷിപ്പിനെ ഗുരുതരമാക്കുന്നുണ്ട്.

ബംഗളൂരുവിലെ ഒരു ഇന്റര്‍‌നെറ്റ് റിസര്‍ച്ച് സിവില്‍സമൂഹ സംഘത്തിലെ സുഹൃത്തുക്കള്‍ ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാനായി ഒറ്റ വായനയില്‍‌തന്നെ അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കാവുന്ന ഏഴു പരാതികള്‍ എഴുതി ഇന്റര്‍മീഡിയറികള്‍ക്കയച്ചു. ഏഴില്‍ ആറിലും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ സെന്‍സറിങ് നടക്കുകയുണ്ടായി.

തെലുങ്കാന സമരവുമായി ബന്ധപ്പെട്ട വാര്‍ത്തയിലെ ഒരു നിരുപദ്രവമായ കമന്റിനെ വംശീയ വിദ്വേഷം പരത്തുന്നു എന്ന പേരില്‍ കള്ള പരാതി നല്‍കിയപ്പോള്‍ ആ ലേഖനത്തിലെ എല്ലാ കമന്റുകളും നീക്കം ചെയ്യപ്പെട്ടു. ഒരു സെര്‍‌ച്ച് എഞ്ചിന്റെ തിരച്ചില്‍ ഫലങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം നീക്കണമെന്ന ആവശ്യത്തോട് അവര്‍ വിസമ്മതം അറിയിച്ചെങ്കിലും അവ മൂന്നും യഥാര്‍ത്ഥത്തില്‍ നീക്കം ചെയ്യപ്പെട്ടിരുന്നു. അതായത്, വെബില്‍നിന്ന് ഉണ്ടായിരുന്ന ചരിത്രംതന്നെ തുടച്ചുമാറ്റപ്പെട്ടു. ഇങ്ങനെയൊരവസ്ഥ ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടായിരുന്നില്ല.

സ്വയം നിയന്ത്രണം എന്ന സെന്‍സര്‍ഷിപ്പ്

കേന്ദ്രമന്ത്രി കപില്‍ സിബല്‍ കഴിഞ്ഞ നവംബറില്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ രഹസ്യയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഉപയോക്താക്കളുടെ പോസ്റ്ററുകള്‍ സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടത് ന്യൂയോര്‍ക്ക് ടൈംസ് വഴി ഡിസംബറിലാണ്‌ പുറത്തുവന്നത്. സെന്‍സര്‍ ചെയ്യുന്നുവെന്നു പറയാതെ സെന്‍സര്‍ ചെയ്യല്‍ എന്ന പദ്ധതിയാണിവിടെ. ഇങ്ങനെ മറയ്ക്കപ്പെടുന്ന പോസ്‌റ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാകും. വര്‍ധിച്ച പ്രതിഷേധം കണ്ട് സിബല്‍ പിന്മാറിയെങ്കിലും ട്വിറ്റര്‍ ഇത്തരമൊരു സം‌വിധാനം കൊണ്ടുവരാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടൊപ്പം‌തന്നെയാണ്‌ ഇപ്പോള്‍ രാജ്യസഭയില്‍ ചര്‍ച്ചയിലിരിക്കുന്ന കോപ്പിറൈറ്റ് നിയ്മത്തിന്റെ പുതിയ് ഡ്രാഫ്‌റ്റില്‍ 52(1)(c) എന്ന പുതിയൊരു ഭേദഗതി ചേര്‍ത്തിരിക്കുന്നത്. ആരെയെങ്കിലും അയാളുടെ/അവളുടെ കോപ്പിറൈറ്റ് ലം‌ഘിക്കപ്പെട്ടുവെന്ന് പറഞ്ഞ് ഒരു ഇന്റര്‍നെറ്റ് കമ്പനിക്ക് പരാതി നല്‍കിയാല്‍, ശരിയോ തെറ്റോ എന്നുപോലും നോക്കാതെ കമ്പനി അത് ഉടനെ മാറ്റീയിരിക്കണം. ഇല്ലെങ്കില്‍ ശിക്ഷ കമ്പനിക്കാണ്‌.

ജനങ്ങള്‍ക്ക് അധികാരം നല്‍കുന്നുവെന്ന വ്യാജേന, സ്വന്തം ഇഷ്‌ടങ്ങള്‍ സെന്‍സര്‍ഷിപ് എന്നു പറയാതെ നടപ്പാക്കാനുള്ള വഴി കണുകയാണ്‌ സര്‍ക്കാര്‍. ഇങ്ങനെയൊരു കരിനിയമം വന്നാല്‍ ഇന്റര്‍നെറ്റിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ സംശയം വേണ്ട.

ദല്‍‌ഹി ഹൈക്കോടതിയിലെ കേസ്

വിനയ് റായ് ആണിപ്പോള്‍ താരം. സെന്‍സര്‍ഷിപ് ഇങ്ങനെ ആയിരിക്കേ കപില്‍ സിബല്‍ കൊണ്ടുവരാന്‍ ശ്രമിച്ച് വിമര്‍ശം ഏറ്റുവാങ്ങിയ പ്രീസെന്‍സര്‍ഷിപ് ആശയം കോടതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്‌ അക്‌ബാരി എന്ന ഉര്‍‌ദു പത്രത്തിന്റെ പത്രാധിപരായ വിനയ് റായ്. ഹിന്ദുക്കളുടെയും മുസ്‌‌ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന മതസ്പര്‍ധയുണ്ടാക്കിയേക്കാവുന്ന ഉള്ളടക്കം ഉണ്‍റ്റെന്നു പറഞ്ഞ് 21 ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ കേസെടുക്കാനായി മുദ്ര വെച്ച കവറുകളില്‍ 62 തെളിവുകള്‍ ദല്‍ഹി ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്‌ അദ്ദേഹം. കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമത് നല്‍കിക്കഴിഞ്ഞിരിക്കുന്നു. പല വിഷയങ്ങളിലും, മൂക്കുകുത്തി നിലത്ത്‌ വീണതിന്ന് ഗുരുത്വാകര്‍ഷണത്തിനെ ശപിക്കുന്നതു പോലെയാണ്‌ സര്‍ക്കാറിന്‌ ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയോടുള്ള പ്രതികരണം.

ദല്‍ഹി ഹൈക്കോടതി ജഡ്‌ജി സുരേഷ് കൈറ്റാവട്ടെ ഒരു പടികൂടി കടന്ന് “ചൈനയിലെപ്പോലെ ഇന്ത്യന്‍ നയങ്ങള്‍ക്കു നിരക്കാത്ത വെബ്‌സൈറ്റുകളെല്ലാം തങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാനാവു”മെന്നാണ്‌ പ്രതികരിച്ചത്. ഇന്റര്‍നെറ്റ് നയം സംബന്ധിച്ച് ഒരു ജനാധിപത്യരാജ്യത്തിലെ ജഡ്‌ജിയില്‍ നിന്ന് കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രതികരണമെല്ല എന്തായാലും ഇത്. ദൈവങ്ങളുടെ നഗ്നചിത്രങ്ങളും മറ്റു വൈകൃതങ്ങളും നിയന്ത്രണകാരണമായി വിനയ്റായ് ചൂണ്ടിക്കാട്ടുമ്പോള്‍ കപില്‍ സിബല്‍ പോണോഗ്രഫിയും മറ്റുമാണ്‌ പറയുന്നത്.

എന്നാല്‍, ഗുഗിള്‍ ട്രാന്‍സ്പെരന്‍സി റിപ്പോര്‍ട്ട് പ്രകാരം മിക്ക നീക്കം ചെയ്യല്‍‌ അപേക്ഷകളും ഗവണ്മെന്റിനെതിരായ വിമര്‍ശനത്തിന്റെയും അപകീര്‍ത്തിപ്പെടുത്തലിന്റെയും പേരിലാണ്‌. വെറും മൂന്ന് അപേക്ഷകള്‍ മാത്രമാണ്‌ പോണോഗ്രഫി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടുള്ളത്. ഒരു അപേക്ഷ മാത്രമാണ്‌ ഇതേ ആറുമാസക്കാലത്ത് ദേശസുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായത്.

ചൈല്‍ഡ് പോണോഗ്രഫി, ദേശസുരക്ഷ, തീവ്രവാദം, സൈബര്‍ യുദ്ധത്തിനെതിരായ പ്രതിരോധം എന്നൊക്കെയുള്ള കാരണങ്ങള്‍ എല്ലാകാലത്തും പുതിയ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനായി എടുത്തുപയോഗിക്കാറുള്ളതാണ്‌.

ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയുടെ ഓണ്‍‌ലൈന്‍ സെന്‍സര്‍ഷിപ്പ് ഒരു യാഥാര്‍ഥ്യമാണ്‌. 11 ആം പഞ്ചവല്‍സര പദ്ധതിയുടെ കാഴ്ച്ചപ്പാടനുസരിച്ച് 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇന്റര്‍നെറ്റ് സാമീപ്യത വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതിനു പകരം, ഗവണ്മെന്റിന്റെ ശ്രദ്ധ ജനങ്ങളുടെയും വെബ്‌സൈറ്റുകളുടെയും നിയന്ത്രണത്തിലാണ്‌. ഇ-മെയില്‍ സര്‍‌വെയ്‌ലന്‍സും ഇന്‍‌വിസിബ്‌ള്‍ സെന്‍സര്‍ഷിപ്പും ആധാറുമൊക്കെയായി ജനതയുടെ ബയോമെട്രിക് വിവരശേഖരണവും അവരുടെ അടിസ്ഥാന അവകാശ നിഷേധവും ഗവണ്‍‌മെന്റ് ഒരുപോലെ കൊണ്ടുനടക്കുകയാണ്‌. കമ്പ്യൂട്ടറുകളുപയോഗിച്ച് ജനതയുടെ അഭിപ്രായസ്വാതന്ത്യത്തെയും സ്വകാര്യതയെയും ഒക്കെ തച്ചുടച്ച് സമൂഹത്തെ ഡാറ്റാബേസ് വിവരശേഖരത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കാമെന്നു കരുതുന്ന ഡാറ്റാബേസ് പൊലീസ് സ്റ്റേറ്റായി ഇന്ത്യന്‍ ഗവണ്‍‌മെന്റ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. അമേരിക്കയുടെ ഇന്റര്‍നെറ്റ് കരിനിയമമായ SOPA, PIPA എന്നിവക്കെതിരെ വെബ് സമൂഹം പടപൊരുതുന്ന പോലെ ഇന്ത്യയിലെ കരിനിയമങ്ങളെയും പൊരുതിത്തോല്‍‌പ്പിക്കുക തന്നെ വേണം. ഡിജിറ്റല്‍ കാലഘട്ടത്തില്‍ അരിയുന്ന ഓരോ ശബ്‌ദവും നാവുമരങ്ങളാകേണ്ടതുണ്ട്.