അനിവര്‍ അരവിന്ദ് , സന്തോഷ് തോട്ടിങ്ങല്‍
(മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം )
എല്ലാ വര്‍ഷവും കേരളപ്പിറവിയോടനുബന്ധിച്ചുള്ള മലയാളവാരാഘോഷം ഒരു സര്‍ക്കാര്‍ ചടങ്ങാണ് . ഈ വര്‍ഷത്തെ കേരളപ്പിറവി അടുത്തത് വിശ്വമലയാളമഹോത്സവം എന്ന വമ്പന്‍ സമ്മേളനത്തിന്റെ വാര്‍ത്തകളുമായാണ് . രാഷ്ട്രപതി ഉത്ഘാടനം ചെയ്യുന്ന 3 ദിവസത്തെ ഉത്സവവും , തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാലയുടെ ഉത്ഘാടനവും ഒക്കെയായി നടക്കുന്ന ഈ മാമാങ്കത്തിനു മുന്നോടിയായി വന്ന നിരവധി വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാനായത് മലയാളത്തിന് ക്ലാസ്സിക്കല്‍ ഭാഷാ പദവിക്കുവേണ്ടിയുള്ള ശ്രമമാണ് വിശ്വമലയാള മഹോത്സവമെന്നാണ് . തമിഴ്‌നാട് സര്‍ക്കാര്‍ അവര്‍ക്ക് ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചപ്പോള്‍ നടത്തിയ ഉലകത്തമിഴ് മാനാട്ടിന്റെ (വിശ്വ തമിഴ് സമ്മേളനം -2010) അനുകരണമാണ് പരിപാടിയെന്നും പലരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇവയ്ക്കപ്പുറം ഈ സമ്മേളനം ഭാഷാ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ ശ്രദ്ധിക്കാനുള്ള കാരണം ഇതിനു മുന്നോടിയായി വന്ന മൂന്ന് വാര്‍ത്തകളായിരുന്നു. . ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും എന്ന ഈ സര്‍ക്കാരിന്റെ സാംസ്കാരിക നയമാണ് ആദ്യത്തേത് .മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കാന്‍ നടപടി സ്വീകരിക്കും എന്ന മലയാള സര്‍വ്വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലറുടെ പ്രസ്താവമാണ് രണ്ടാമത്തേത് .വിശ്വമലയാള മഹോത്സവത്തില്‍ ഉദ്ഘാടനം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാളത്തനിമ രണ്ടാംഘട്ടം പദ്ധതി ഉത്ഘാടനം ചെയ്യപ്പെടുന്ന വാര്‍ത്തയാണ് മൂന്നാമത്തേത് . ആശങ്കയുണ്ടാക്കുന്ന ഈ മൂന്നു വാര്‍ത്തകളും വലിയ ചര്‍ച്ചകളാവുകയും അതിന്റെ ഫലമായി വീണ്ടുമൊരു ലിപി പരിഷ്ക്കരണം എന്നതില്‍ നിന്നും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്മാറേണ്ടി വരികയും ചെയ്തുവെന്നത് മലയാള ഭാഷയെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. മലയാളം യൂണിവേഴ്സിറ്റി എന്നാലും ഈ അജണ്ട വിട്ടിട്ടില്ലെന്നതാണ് തുടര്‍ന്നുവരുന്ന വാര്‍ത്തകള്‍ സൂചിപിക്കുന്നത്. ഈ സാഹചര്യത്തില്‍ മലയാളം കമ്പ്യൂട്ടിങ്ങില്‍ എന്തു നടക്കുന്നു എന്ന ചെറിയൊരു പരിചയപ്പെടുത്തലാണ് ഈ ലേഖനം .


ലിപി പരിഷ്ക്കരണം -അല്പം ചരിത്രം

മലയാളഭാഷ സാങ്കേതികവിദ്യയുമായി ആദ്യം കണ്ടുമുട്ടുന്നതു് അച്ചടിയന്ത്രങ്ങള്‍ വന്നകാലത്താണു്. കേരളത്തിലെ ആദ്യത്തെ അച്ചടിശാല ഉണ്ടാകുന്നതു് 1821-ലാണു് ബഞ്ചമിന്‍ ബെയ്‌ലി എന്ന ജസ്യൂട്ട്‌ പാതിരിയാണു് കോട്ടയത്തു് സി.എം.എസ്‌. പ്രസ്‌ തുടങ്ങുന്നതു് അദ്ദേഹമാണ്‌ മലയാള ഭാഷയുടെ ആദ്യത്തെ ലോഹ ടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നത്‌. നാമൊക്കെ എഴുതിപ്പഠിക്കുന്ന മലയാളത്തിന്റെ ലിപികള്‍ അച്ചടിക്കുവേണ്ടി രൂപകല്‌പന ചെയ്യുന്നത്‌ അദ്ദേഹമാണ്‌. വൈദ്യുതിയോ കമ്പ്യൂട്ടറോ ഒന്നുമില്ലാത്ത അക്കാലത്തു് അദ്ദേഹം കൊല്ലന്‍മാരുടെ സഹായത്തോടെ നാലു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അറുനൂറോളം ടൈപ്പുകള്‍ മലയാളത്തിനു വേണ്ടി നിര്‍മ്മിച്ചു് അച്ചടി തുടങ്ങി.

ഇക്കാലത്തു് പലഭാഷകളും തങ്ങളുടെ ലിപിയെ സാങ്കേതികവിദ്യയുടെ പരിമിതികള്‍ക്കു വിട്ടുകൊടുത്തു് അച്ചടിയില്‍ ലാറ്റിന്‍ ലിപിയെ സ്വാംശീകരിച്ചിരുന്നു. ബെഞ്ചമിന്‍ ബൈലിയ്ക്കും വേണമെങ്കില്‍ ആ പാത പിന്തുടരാമായിരുന്നു. പക്ഷേ അദ്ദേഹമതു ചെയ്തില്ല എന്നു മാത്രമല്ല, അദ്ദേഹം രൂപകല്പന ചെയ്ത അക്ഷരങ്ങളോടെ മലയാള ഭാഷ അച്ചടിയില്‍ സജീവമായി. ഗുണ്ടര്‍ട്ടും ഈ പാത തന്നെ പിന്തുടര്‍ന്നു.

പിന്നീടു് മലയാളഭാഷയില്‍ സാങ്കേതികവിദ്യ ഇടപെടുന്നതു് ടൈപ്പ്‌റൈറ്റര്‍ കാലഘട്ടത്തിലാണു്. 1967 ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ മലയാളഭാഷ ടൈപ്പ്റൈറ്റര്‍, പ്രിന്റര്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനായി പരിഷ്കരിക്കാന്‍ ഒരു കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചു. യന്ത്രങ്ങള്‍ക്കു വേണ്ടി നിലവിലുള്ള അക്ഷരങ്ങളെ 75% കുറയ്ക്കാമെന്നു് ആ കമ്മിറ്റി നിര്‍ദ്ദേശിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഏതു വിധമായിരിക്കണം മലയാളത്തിലെ അക്ഷരങ്ങളെ കുറയ്ക്കേണ്ടതു് എന്നതു തീരുമാനിക്കാന്‍ 1969 ല്‍ വേറൊരു കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചു. ഉ, ഊ, ഋ, റ/ര എന്നിവയുടെ മാത്രകള്‍/ചിഹ്നങ്ങള്‍ വ്യഞ്ജങ്ങളില്‍ നിന്നും വിടുവിക്കണമെന്നും, പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങള്‍ ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.
1971 ജനുവരിയില്‍ സര്‍ക്കാര്‍ പത്രപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ഇക്കാര്യം അവതരിപ്പിക്കുകയും “പുതിയലിപി” 1971 ലെ വിഷു നാള്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും തീരുമാനിച്ചു. അന്നു് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ 8 സ്വരാക്ഷരങ്ങളും, 15 സ്വര, വ്യഞ്ജന ചിഹ്നങ്ങളും, 36 വ്യഞ്ജനങ്ങളും , 26 കൂട്ടക്ഷരങ്ങളും, 5 ചില്ലക്ഷരങ്ങളും അടക്കം മൊത്തം 90 അക്ഷരങ്ങളിലേക്കു് മലയാളത്തെ വെട്ടിയൊതുക്കി. ബെഞ്ചമിന്‍ ബെയ്ലി മലയാളത്തിനോട് ചെയ്യാതിരുന്നതു് മലയാളികള്‍ സ്വയം ചെയ്തു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള വെട്ടിനിരത്തല്‍ പരിപാടിയില്‍ മലയാളത്തിലെ അച്ചടിശാലകള്‍ ഒരേപോലെ പങ്കെടുത്തില്ല. പലരും നിലവിലുണ്ടായിരുന്ന കൂട്ടക്ഷരങ്ങളും എഴുത്തുരീതികളും തുടര്‍ന്നും ഉപയോഗിച്ചു. അങ്ങനെ പഴയതും പുതിയതും കൂടിക്കലര്‍ന്ന ഒരു ലിപി മലയാളത്തില്‍ വ്യാപകമായി. ഗോദ്‌റെജിന്റെയും റെമിങ്ങ്ടണിന്റെയും ടൈപ്പ്‌റൈറ്ററുകളിലെ 90 കട്ടകളിലേക്ക് മലയാളമൊതുങ്ങിയപ്പോള്‍ നമ്മള്‍ കുട്‌ടപ്‌പന്‍ , തേങ്‌ങ , കച്‌ചവടം എന്നൊക്കെയുള്ള “മലയാളം” പ്രത്യേകിച്ചും സര്‍ക്കാര്‍ രേഖകളില്‍ കാണാന്‍ തുടങ്ങി. ഇതു് ടൈപ്പ്‌റൈറ്ററിനു മാത്രമാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും ശൂരനാട് കുഞ്ഞന്‍ പിള്ള അന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും 1973 ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തില്‍ പുതിയലിപി നിരന്നു.

കമ്പ്യൂട്ടറുകള്‍ വ്യാപകമാവാന്‍ തുടങ്ങിയ തൊണ്ണൂറുകളില്‍ വീണ്ടും മലയാളഭാഷ സാങ്കേതികവിദ്യയുമായി ഏറ്റുമുട്ടി. ഡോ.പ്രബോധചന്ദ്രന്‍നായരുടെയും നേതൃത്വത്തില്‍ ‘മലയാളത്തനിമ’ എന്ന പേരില്‍ അക്ഷരങ്ങളെ വീണ്ടും കുറയ്ക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമങ്ങളരാംഭിച്ചു. റ,ര എന്നിവയുടെ ചിഹ്നങ്ങളൊക്കെ ഒഴിവാക്കാമെന്ന വാദഗതിയുണ്ടായി, കൃത്രിമം, ക്‌റ്‌ത്‌റിമം എന്ന രീതിയിലാവാമെന്നൊക്കെ. ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു് ഒരു ശൈലീപുസ്തകവും അവര്‍ പ്രസിദ്ധീകരിച്ചു.

ഇവിടുന്നങ്ങോട്ടു് നമ്മള്‍ കാണുന്നതു് മലയാളികളുടെ ചെറുത്തുനില്‍പിന്റെയും ലിപികള്‍ തിരിച്ചുപിടിക്കലിന്റെയും ചരിത്രമാണു്. കെ.എച് ഹുസൈന്‍ , ആര്‍ ചിത്രജകുമാര്‍ , എന്‍ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ രചന അക്ഷരവേദി ഇത്തരം പരിഷ്കാരങ്ങളെ തുറന്നെതിര്‍ത്തു. 1999ല്‍ മലയാളത്തിന്റെ സമഗ്രമമായ തനതുലിപി സഞ്ചയം വേഡ്‌ പ്രോസസ്സിംഗിലും ടൈപ്പ്‌ സെറ്റിംഗിലും വിജയകരമായി രചന ആവിഷ്‌ക്കരിച്ചു നടപ്പാക്കി. മലയാളത്തിന്റെ ഡിജിറ്റല്‍ ഭാവിയെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ ഗൂഢാലോചനയായി പലരും രചനയെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തു.
90 അല്ല, ആയിരക്കണക്കിനക്ഷരങ്ങളെ ഉള്‍ക്കൊള്ളാവുന്ന യൂണിക്കോഡ് സാങ്കേതികവിദ്യ അപ്പോഴേക്കും പ്രചാരത്തിലെത്താന്‍ തുടങ്ങി. രചന മുന്നോട്ടു വെച്ച തനതു ലിപി സഞ്ചയത്തിന്റെ മാതൃക പിന്തുടര്‍ന്നു കൊണ്ടു് അഞ്ജലി എന്ന പേരില്‍ കെവിന്‍ ഒരു യൂണിക്കോഡ് അധിഷ്ഠിത ഫോണ്ടു് രൂപകല്പനചെയ്തു. രചനയും അതിന്റെ യൂണിക്കോഡ് ഫോണ്ടു് പുറത്തിറക്കി. ആയിരത്തോളം മലയാളലിപി രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഫോണ്ടുകള്‍ ജനപ്രിയമായിത്തുടങ്ങുകയും, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മലയാളത്തനിമയും ശൈലീപുസ്തകവും പഴങ്കഥയാവുകയും ചെയ്തു.

ഭാഷാ കമ്പ്യൂട്ടിങ്ങിലെ ഇടപെടലുകള്‍

സര്‍ക്കാര്‍ ലിപി സ്റ്റാന്‍ഡേര്‍ഡുണ്ടാക്കും സിഡാക്കും സിഡിറ്റും അതിനനുസരിച്ച് സോഫ്റ്റ്‌വെയറുകളുണ്ടാക്കും അത് സര്‍ക്കാരും ജനങ്ങളും ഉപയോഗിക്കും എന്ന അവസ്ഥയായിരുന്നു ഏകദേശം രണ്ടായിരാമാണ്ടുവരെ . മലയാളത്തനിമാ ഒന്നാം ഘട്ടത്തെ പിന്‍പറ്റി സര്‍ക്കാര്‍ പണംമുടക്കില്‍ നിരവധി ഭാഷാ കമ്പ്യൂട്ടിങ്ങ് സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കപ്പെടുകയുണ്ടായി .ക്ലിക്ക് എന്ന പേരില്‍ സിഡിറ്റ് കേരളയൂണിവേഴ്സിറ്റിയിലെ ഭാഷാവിഭാഗവുമായിച്ചേര്‍ന്ന് പ്രത്യേക പ്രൊജക്റ്റ് തന്നെ ഇതിനായി തുടങ്ങി . നിരവധി ഫോണ്ടുകളും നിള (ടെക്സ്റ്റ് എഡിറ്റര്‍), കാവേരി (വേര്‍ഡ് പ്രൊസസ്സര്‍) എന്നൊക്കെയുള്ള പാക്കേജുകളും ഇറക്കുകയും പെരിയാര്‍, പമ്പ , കബനി എന്നൊക്കെ പേരുള്ള പ്രൊജക്റ്റുകള്‍ തുടങ്ങിവെക്കുകയും ചെയ്തു. ഇതേ പോലുള്ള പ്രൊജക്റ്റുകള്‍ സിഡാക്കും നടത്തുന്നുണ്ടായിരുന്നു. നയന OCR . ഭാരതീയ ഓപ്പണ്‍ ഓഫീസ് എന്നിവയൊക്കെ ഇക്കാലത്തെ സിഡാക്ക് നിര്‍മ്മിതിയായിരുന്നു. സര്‍ക്കാര്‍ പണം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഇവരുടെ മിക്കപ്രൊജക്റ്റുകളും കുത്തകലൈസന്‍സിലായിരുന്നു. ഒപ്പമുള്ള തമാശയെന്തെന്നാല്‍ ഓപ്പണ്‍ ഓഫീസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരേസമയത്ത് രണ്ട് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മലയാളത്തിലാക്കി പൊതുപണം നഷ്ടമാക്കുന്ന ഇടപെടലായിരുന്നു കാവേരിയും ഭാരതീയ ഓപ്പണ്‍ഓഫീസും. ഈ സോഫ്റ്റ്‌വെയറുകള്‍ മിക്കവയും പ്രവര്‍ത്തിക്കാത്തവയും (ഉദാ: നയന ഓസിആര്‍) പിഴവുകളാല്‍ സമ്പന്നവും ആയിരുന്നു. തുറന്നതും സ്വതന്ത്രവുമല്ലാത്ത നിര്‍മ്മിതിയായതിനാല്‍ പിഴവുകള്‍ അതേപോലെത്തന്നെകിടന്നു. ഈ സോഫ്റ്റ്‌വെയറുകെല്ലാം ജനം തിരസ്കരിച്ചു .

ഇതേ കാലയളവില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പ്രചാരത്തിലാവാന്‍ തുടങ്ങി. ഭാഷാ സാങ്കേതികവിദ്യ സ്വതന്ത്ര സോഫ്റ്റ്‌വെയറിലധിഷ്ഠിതമാകേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ മലയാള സാങ്കേതിക പ്രവര്‍ത്തകര്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. 2002 ല്‍ ഈ ലക്ഷ്യത്തിനായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയ്ക്ക് കോഴിക്കോട് റീജ്യനല്‍ എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ബൈജു രൂപം നല്‍കി. 2004ല്‍ കൊച്ചിയില്‍ വച്ചു് രചനയുടെ യൂണിക്കോഡ് ഫോണ്ട് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മലയാളികള്‍ക്കു സമര്‍പ്പിച്ചു.

രചന അക്ഷരവേദി തുടങ്ങിവെച്ച മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തങ്ങള്‍ 2006 ഓടു കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഏറ്റെടുത്തു. ഭാഷയുടെ തനിമയിലൂന്നിയ സാങ്കേതികവിദ്യയ്ക്കായി വാദിച്ച ഒരു സാമൂഹ്യപ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയും അറിവിന്റെ സ്വതന്ത്രവിതരണത്തിന്റെയും ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു സംഘം മലയാളികളായ സാങ്കേതികപ്രവര്‍ത്തകരും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടയില്‍ ഒത്തു ചേര്‍ന്നതോടെ മലയാളം കമ്പ്യൂട്ടിങ്ങിനു് ലക്ഷ്യവും ശക്തിയും കൈവരികയായിരുന്നു.

മലയാളഭാഷാ സാങ്കേതികവിദ്യയില്‍ ഉത്തരവാദിത്തപ്പെട്ടവരെന്നു നമ്മള്‍ കരുതുന്നവരൊക്കെ നോക്കുകുത്തികളാവുകയും അതേ സമയം തന്നെ മലയാള ഭാഷയ്ക്കു ക്ലാസിക്കല്‍ പദവി വേണമെന്നും, പഠന, ഭരണ ഭാഷയാക്കണമെന്നുമൊക്കെ മുറവിളി കൂട്ടുകയും ചെയ്യുമ്പൊള്‍ തങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ചെറിയ സമയത്തു് ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമത്തിലൂടെ സ്വതന്ത്ര സോഫ്‌‌റ്റ്‌വെയര്‍ ആശയങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ നടത്തുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റമായിരുന്നു 2006 നുശേഷം മലയാളം ഭാഷാസാങ്കേതിക വിദ്യയില്‍ കണ്ടത് . ഇതോടൊപ്പം അറിവിന്റെ സ്വാതന്ത്ര്യത്തിനായി ഇടപെടുന്ന മറ്റൊരുകൂട്ടം ചെറുപ്പക്കാരുടെ മുന്‍കൈയില്‍ മലയാളം വിക്കിപ്പീഡിയയും ഭാഷാ സാങ്കേതികവിദ്യയുടെ വളര്‍ച്ചയെപിന്‍പറ്റി മുന്നേറുകയായിരുന്നു.സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഗ്നു/ലിനക്സിലെ പിഴവില്ലാത്ത മലയാളം എഴുതാനും വായിക്കാനും തയ്യാറാക്കാന്‍ ഈ ലേഖകരടക്കമുള്ള പ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെല്ലാം വിജയം കണ്ടു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭങ്ങളുമായും സഹകരിച്ചു് ആ സംരംഭങ്ങളിലെല്ലാം മലയാളഭാഷ അതിന്റെ തനതു രൂപത്തില്‍ തന്നെ ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.
സാങ്കേതികമായി വളരെ സങ്കീര്‍ണ്ണമാണു് മലയാളഭാഷ. മറ്റു ഭാരതീയ ഭാഷകളുടെയും സ്ഥിതി അതുതന്നെ. സങ്കീര്‍ണ്ണമായ ലിപികള്‍, കൂട്ടക്ഷരങ്ങള്‍ എന്നിവയൊക്കെ ചിത്രീകരിക്കുന്നതില്‍ നിരവധി പിഴവുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ഉണ്ടായിരുന്നു. ഇവയെല്ലാം തന്നെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ സാങ്കേതികമികവിനു മുന്നില്‍ കീഴടങ്ങി.

ഇതേ സമയം മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ് പോലെയുള്ള പ്രചാരത്തിലുള്ളതും അതേ സമയം കുത്തക സോഫ്റ്റ്‌വെയറുമായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഈ പിഴവുകള്‍ തിരുത്തിക്കിട്ടുന്നതിനായി അവയുടെ ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്റെ ദയക്കു വേണ്ടി കാത്തുനിന്നു. ഐടി മന്ത്രിമാര്‍ ബില്‍‌ഗേറ്റ്സിനോടു് മലയാളത്തില്‍ വിന്‍ഡോസ് ലഭ്യമാക്കാന്‍ അപേക്ഷിച്ചു. അതേ കാലയളവില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രാദേശികവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് മലയാളത്തില്‍ ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാനം ലഭ്യമാക്കി. എല്ലാ സ്വതന്ത്രസോഫ്റ്റ്വെയര്‍ വിതരണങ്ങളും മലയാളപിന്തുണയോടെ പുറത്തിറങ്ങിത്തുടങ്ങി.

രചനയ്ക്കു പുറമേ തനതുലിപി അടിസ്ഥാനമാക്കി പല ഫോണ്ടുകളും പില്‍ക്കാലത്തു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്തു. സുരേഷ് പി സുറുമ എന്ന പേരില്‍ ഒരു ഫോണ്ടു് വികസിപ്പിച്ചെടുത്തു. രചന ഫോണ്ടിന്റെ ശില്പി കെ.എച് ഹുസൈനും സുരേഷ് പിയും ചേര്‍ന്നു് മീര എന്ന തനതു ലിപി ഫോണ്ടു് 2007 ല്‍ പുറത്തിറക്കി. മാതൃഭൂമി, മാധ്യമം, മംഗളം എന്നീ പത്രങ്ങളുടെ വെബ്സൈറ്റുകളും മലയാളരാജ്യം , ഡൂള്‍ന്യൂസ് തുടങ്ങിയ ന്യൂസ് പോര്‍ട്ടലുകളും അടക്കം നിരവധി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ വളരെ പ്രചാരത്തിലുള്ള ഈ ഫോണ്ടാണു് ഉപയോഗിക്കുന്നതു്.

2007ല്‍ “ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്” എന്ന വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടിയിലേക്കു് ഇന്ത്യയില്‍ നിന്നുള്ള ഏക സംഘടനയായി എസ്.എം.സിയെ ഗൂഗിള്‍ തിരഞ്ഞെടുത്തു. ആ പരിപാടിയുടെ ഭാഗമായി ദ്യുതി എന്ന ആലങ്കാരിക തനതു ലിപി ഫോണ്ടു് ഹിരണ്‍ വേണുഗോപാല്‍, ഹുസൈന്‍ മാഷുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചു.

യൂണിക്കോഡ് സാങ്കേതികവിദ്യ ഉപയോക്താവിനിഷ്ടമുള്ള എഴുത്തു രീതി തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നുണ്ടു്. അതുകൊണ്ടു് തന്നെ കൂട്ടക്ഷരങ്ങള്‍കുറഞ്ഞ, സ്വരചിഹ്നങ്ങള്‍ വിട്ടെഴുതുന്ന രീതിയിലുള്ള ഫോണ്ടുകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്നുണ്ടു് . കല്യാണി, രഘുമലയാളം, സമ്യക് മലയാളം എന്നീ ഫോണ്ടുകള്‍ ചില ഉദാഹരണങ്ങള്‍.

തെറ്റില്ലാതെ ലളിതമായി മലയാളം ടൈപ്പു ചെയ്യുന്നതിനായി ഇന്‍സ്ക്രിപ്റ്റ്, ലളിത, സ്വനലേഖ, റെമിങ്ങ്ടണ്‍ എന്നീ എഴുത്തുപകരണങ്ങളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് ഭാരതീയ ഭാഷകള്‍ക്കാകെയുള്ള പൊതുവായ ഒരു ടൈപ്പിങ്ങ് രീതിയാണു്. ഇതിപ്പോള്‍ ഐടി@സ്കൂള്‍ സിലബസ്സിന്റെ ഭാഗമായി സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടു്. ലളിത, സ്വനലേഖ, റെമിങ്ങ്ടണ്‍ എന്നിവ വളരെ കുറച്ചുസമയം കൊണ്ടു് പഠിച്ചെടുക്കാവുന്ന ഫൊണറ്റിക് അല്ലെങ്കില്‍ ലിപ്യന്തരണം അടിസ്ഥാനമാക്കിയുള്ള എഴുത്തുപകരണങ്ങളാണു്. ഈ ഫോണ്ടുകളും ടൈപ്പിങ്ങ് ഉപകരണങ്ങളുമൊക്കെ മിക്ക ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലും പ്രത്യേകിച്ചു് സജ്ജീകരണമോ ഇന്‍സ്റ്റാളേഷനോ ആവശ്യമില്ലാതെ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ലഭ്യമാക്കിയിട്ടുണ്ടു്.

സാങ്കേതികവിദ്യ വളരെ പുരോഗമിച്ച ഇക്കാലത്തു് ഫോണ്ടുകള്‍, ടൈപ്പിങ്ങ് എന്നിവയിലൊക്കെ അപ്പുറത്തേക്കു് എസ്.എം.സി വളര്‍ന്നു കഴിഞ്ഞു. നിഘണ്ടുക്കള്‍, അക്ഷരത്തെറ്റ് പരിശോധിക്കാനുള്ള സംവിധാനം, വാചകങ്ങളെ സംഭാഷണമാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍, ഭാഷാ നിയമങ്ങള്‍ക്കനുസൃതമായുള്ള അകാരാദിക്രമം തയ്യാറാക്കാനുള്ള സംവിധാനം, പഴയ എന്‍കോഡിങ്ങ് രീതികളില്‍ നിന്നും ഡാറ്റയെ യുണിക്കോഡ് ആക്കാനുള്ള സംവിധാനം, എഴുതിയതിനെ പീഡിഎഫ്, ചിത്രങ്ങള്‍ തുടങ്ങിയ രീതികളിലേക്കു് ചിത്രീകരണപ്പിഴവില്ലാതെ മാറ്റാനുള്ള ഉപകരണങ്ങള്‍ എന്നിവ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്തതില്‍ ചിലതു മാത്രം. ഭാരതീയ ഭാഷകള്‍ക്കാകെ സമഗ്രമായ ഭാഷാ സാങ്കേതികവിദ്യാ ഗവേഷണവും വികസനവും ലക്ഷ്യമിട്ടുള്ള ശില്പ പ്രൊജക്ട് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങില്‍ നിന്നു് രൂപം കൊണ്ടു് ഇപ്പോള്‍ വേറിട്ട ഒരു വലിയ സംരംഭമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനശൈലിയുടെ പ്രത്യേകത അതു് ഉപയോക്താവും ഉത്പാദകരും തമ്മിലുള്ള വിടവു് ഇല്ലാതെയാക്കുന്നു എന്നതാണു്. ഏതൊരു ഉപയോക്താവിനും തങ്ങള്‍ക്കാവശ്യമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തില്‍ തങ്ങളാല്‍ കഴിയുന്ന വിധം പങ്കാളിയാവാന്‍ സാധിയ്ക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പിന്തുടരുന്ന ഈ മാതൃകയിലേക്കു് വളരെയധികം ആളുകള്‍ – സാങ്കേതികപ്രവര്‍ത്തകരും അല്ലാത്തവരും എത്തുകയുണ്ടായി. കേവലം ഒരാളില്‍ നിന്നു തുടങ്ങിയ സംരംഭം ഇന്നു് ഇന്ത്യയിലെ ഭാഷാ കമ്പ്യൂട്ടിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ ഏറ്റവും വലുതും സജീവവുമായ സംഘടനയാണു്. ഇന്ത്യയിലെ മറ്റു ഭാഷകള്‍ സ്വതന്ത്ര സോഫ്റ്റ്‌വയര്‍ അധിഷ്ഠിത ഭാഷാ കമ്പ്യൂട്ടിങ്ങിനു് മാതൃകയാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംഘടനയെയാണു്.

ഭാരതീയ ഭാഷകള്‍ തമ്മില്‍ ഉള്ള സമാനതകള്‍ കാരണം പല ഭാഷകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാങ്കേതികവിദ്യകള്‍ സ്വാംശീകരിച്ചിട്ടുണ്ടു്. മലയാളത്തിനു പുറമേ മറ്റു ഭാഷകള്‍ക്കുള്ള ചില അപ്ലിക്കേഷനുകളും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് മുന്‍കൈ എടുത്തു് പരിപാലിക്കുന്നുണ്ടു്.പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളിലേക്കു് അവയുടെ ഓരോ റിലീസുകള്‍ക്കും ഇരുപതോളം പാക്കേജുകള്‍ പോകുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങില്‍ നിന്നാണു്. ഇത്രയും സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ പരിപാലിക്കുന്ന വേറൊരു ഇന്ത്യന്‍ സംഘടനയും ഇന്ന് നിലവിലില്ല.

പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.എം.സിയ്ക്ക് ഓഫീസോ സാമ്പത്തികസഹായങ്ങളോ ഒന്നുമില്ല. ലോകത്തിന്റെ പലഭാഗങ്ങളില്‍ ഉള്ള അംഗങ്ങള്‍ മെയിലിങ്ങ് ലിസ്റ്റ്, ഐആര്‍സി, വിക്കി തുടങ്ങിയ ആശയവിനിമയ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെട്ടു് പ്രവര്‍ത്തിയ്ക്കുന്നു. പല ഡെവലപ്പര്‍മാരും പരസ്പരം ഒരിക്കലും കണ്ടിട്ടില്ലാത്തവരായാലും സംരംഭങ്ങളെല്ലാം വളരെ ഭംഗിയായി നിര്‍വഹിക്കുന്നു. ഒരേ ലക്ഷ്യവും ആശയവുമുള്ള ഉള്ള ഒരു കൂട്ടം മലയാളി സാങ്കേതികപ്രവര്‍ത്തകര്‍ ഒത്തുചേരുമ്പോളുണ്ടായ സര്‍ഗ്ഗാത്മകതയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. വ്യവസ്ഥാപിത സംഘടനകളില്‍ നിന്നും അതു് എത്രയോ വ്യത്യസ്തമാകുനത് ഇങ്ങനെയാണ്

രണ്ടു മാതൃകകള്‍

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മലയാള ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഒരു സ്വതന്ത്ര ഫ്രെയിംവര്‍ക്ക് ഉരുവം കൊണ്ടുവരാനാണ് . കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ആ ദിശയിലുള്ള ഒരു മാറ്റത്തിന്റെ തുടക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് . ഐടി അറ്റ് സ്കൂളിലും കെ.എസ്.ഇ.ബിയിലും വരെ മലയാളം കമ്പ്യൂട്ടിങ്ങ് എത്തിച്ചേര്‍ന്നതും പബ്ലിഷിങ്ങ് ഇന്റസ്ട്രിയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വലിയ തോതില്‍ തന്നെ യൂണിക്കോഡിലേക്ക് വന്നതും സ്വതന്ത്രഫോണ്ടുകളുപയോഗിച്ചുതുടങ്ങിയതും , ഖാദി ബോര്‍ഡു പോലുള്ള സ്ഥാപനങ്ങള്‍ മലയാളം സമ്പര്‍ക്കമുഖങ്ങളുള്ള കമ്പ്യൂട്ടറുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതും , മലയാളം വിക്കിപ്പീഡിയയുടെ വളര്‍ച്ചയും സര്‍ക്കാര്‍ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ 2008 ല്‍ തുടങ്ങിയതും എല്ലാ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും മലയാളപിന്തുണ ലഭ്യമായതും യൂണിക്കോഡ് ഉപയോഗിക്കണമെന്ന ഗവണ്‍മെന്റ് സര്‍ക്കുലരും, ആന്‍ഡ്രോയിഡിലെ മലയാള പിന്തുണയും , വിക്കിപീഡിയ പ്രൊജക്റ്റൂകളിലെ വെബ്ഫോണ്ടുകളും ഒക്കെ അടക്കം ഈ മാറ്റങ്ങളെല്ലാം ഈ സ്വതന്ത്രമായ സാങ്കേതികവിദ്യാ അടിത്തറക്കു മുകളിലാണ് സാധ്യമായത്. സ്വതന്ത്രമായ സാങ്കേതിക അടിത്തറ ലഭ്യമാകുമ്പോള്‍ ഭാഷാപുരോഗതി ആ അടിത്തറയുപയോഗിച്ച് നടക്കും എന്ന വീക്ഷണമാണ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പിന്‍പറ്റുന്നത്

ഗവണ്‍മെന്റിന് , അവര്‍ പണം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നതും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഒരു സാമ്പത്തികചെലവും കൂടാതെ വിജയിക്കുന്നതും ഈ മാതൃകയുടെ വിജയമാണ് . ഈ മാതൃക പിന്തുടരാനാണ് കാലങ്ങളായി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ഗവണ്‍മെന്റിനോടാവശ്യപ്പെടുന്നതും അവര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതും . ദേശീയ തലത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കോടികള്‍ ചെലവാക്കുന്ന TDIL റിസര്‍ച്ചുകള്‍ പോലും റിലീസ് ചെയ്യപ്പെടാതെ പോകുന്നതും ഇതുകൊണ്ടാണ് . സിഡാക്കിന്റെ കയ്യിലുള്ള ഫോണ്ടുകള്‍ നിരവധിയാണ്. പക്ഷേ ഒന്നും സ്വതന്ത്രമായി ലഭ്യമല്ല എന്നതിനാല്‍ അവയെ തിരുത്തി യൂണിക്കോഡ് അധിഷ്ഠിത സിസ്റ്റങ്ങളില്‍ ഉപയോഗിക്കാനാവുന്നില്ല. പണ്ട് ഫോണ്ടും ജിസ്റ്റും ഒക്കെ ഉണ്ടാക്കി വിറ്റ് വരുമാനമുണ്ടാക്കിയിരുന്ന സിഡാക്കിന് ആ മനോഭാവം ഇപ്പോഴും വിട്ടു പോയിട്ടില്ല . അതുകൊണ്ടുതന്നെ സ്വതന്ത്രലൈസന്‍സിങ്ങ് അവര്‍ നടത്താന്‍ തയ്യാറല്ല.

കഴിഞ്ഞ കുറെകാലമായി (ദയാനിധിമാരന്‍ ഐടി മന്ത്രിയായ കാലം മുതല്‍) ഭാഷാ കമ്പ്യൂട്ടിങ്ങ് എന്നു പറഞ്ഞാല്‍ സിഡാക്‍ ചാടി വീണ് സിഡാക്കിന്റെ ഭാഷാ കമ്പ്യൂട്ടിങ്ങ് ടൂളുകളുടെ സിഡി സൌജന്യമായിക്കൊടുക്കാനുള്ള ഒരു പദ്ധതി സമര്‍പ്പിക്കും . അങ്ങനെ കുറെ കോടികള്‍ ഒഴുകും . ഒരേ സാധനംവീണ്ടും പുതിയ സിഡിയാക്കി വമ്പന്‍ ഉദ്ഘാടനത്തോടെ നടത്തും .പുതിയ ഡൌണ്‍ലോഡ് വെബ്സൈറ്റുണ്ടാക്കും . പത്രങ്ങള്‍ക്ക് പരസ്യം കിട്ടും . കുറച്ചുകഴിയുമ്പോള്‍ എല്ലാം മറക്കും വെബ്സൈറ്റ് ഡൌണ്‍ ആവും . അടുത്ത ഗവണ്‍മെന്റുവരും വീണ്ടുമിതാവര്‍ത്തിക്കും. ഒന്നു തന്നെ കാട്ടി പലതവണ പണം കൊയ്തു ശീലിച്ചതുകൊണ്ട് റിലീസിങ്ങിന് ഇവര്‍ തയ്യാറേ അല്ല. ഇതുപോലെയാണ് സ്വതന്ത്രസോഫ്റ്റ്‌വെയറിന് പണം വകയിരുത്തിയാലും . സിഡാക്‍ ചാടിവീഴും . അവരുടെ രീതി സ്വതന്ത്രസോഫ്റ്റ്വെയറുകളെ മെച്ചപ്പെടുത്തി ഉറവകളിലോട്ട് മാറ്റങ്ങള്‍ നല്‍കുക എന്നതല്ല. ഉള്ള സാധനത്തെ അടിച്ചുമാറ്റി പേരുമാറ്റുക എന്നതുമാത്രമാണ് . അതുകൊണ്ടുതന്നെ സിഡാക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉറവകളിലെത്തില്ല . അതുകൊണ്ടുതന്നെ പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെര്‍ഷനുകളിലൊന്നും പൊതുപണം കൊണ്ടുനടത്തുന്ന ഈ മാറ്റങ്ങള്‍ ഉണ്ടാവുകയുമില്ല . അപ്പോള്‍ ഓപ്പണ്‍ഓഫീസ് ഭാരതീയ ഓ ഓ ആവും. ഫയര്‍ഫോക്സ് ഇന്‍ഡിഫോക്സ് ആവും . ഡെബിയന്‍ അടിച്ചുമാറ്റി ബോസ്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാവും .ടെസറാക്റ്റ് ഇന്‍ഡിക് OCR പരിചിത് എന്ന സിഡാക്‍ പ്രൊജക്റ്റാവും . അങ്ങനെയങ്ങനെ എത്ര പ്രൊഡക്റ്റുകള്‍ ..

മറ്റൊരു പ്രശ്നം ഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്ത് ഐടി മിനിസ്ട്രി ചെലവാക്കുന്ന കോടികള്‍ എങ്ങോട്ടുപോകുന്നു എന്നതാണ് . TDIL വഴിയാണ് ഇങ്ങനെയുള്ള ഫണ്ടിങ്ങ് മിക്കതും . സിഡാക്കിനായിരിക്കും ഏകോപനചുമതല. ഐഐടികളും IISCയും IIITകളും ഒക്കെയായിരിക്കും പ്രൊജക്റ്റ് നടപ്പാക്കുക. ആദ്യത്തെ തീരുമാനം ഇത് സ്വതന്ത്രലൈസന്‍സില്‍ ഇറക്കുമെന്നായിരിക്കും . എന്നാലേ ഫണ്ട് കിട്ടൂ. പിന്നെ പ്രൊജക്റ്റിന്റെ ഒരു 50 ശതമാനകൊക്കെ കഴിയുമ്പോള്‍ തനിനിറം പുറത്തുവരും. ഇതു സ്വതന്ത്രലൈസന്‍സില്‍ പുറത്തിറക്കിയാല്‍ പ്രൈവറ്റ് സെക്റ്റര്‍ ഉപയോഗിച്ചാലോ കോഡ് മോഷ്ടിച്ചാലോ എന്ന സംശയത്തില്‍നിനാവും തുടക്കം. മോഷണത്തെ സ്വതന്ത്രലൈസന്‍സുകള്‍ പ്രൊട്ടക്റ്റ് ചെയ്യുമെന്ന് അവര്‍ക്കറിയാഞ്ഞല്ല. പിന്നെ സോഫ്റ്റ്‌വെയര്‍ പേറ്റന്റ് ഇല്ലാത്ത ഇന്ത്യയില്‍ ഡിഫന്‍സ് പേറ്റന്റുകളെടുക്കേണ്ട ആവശ്യകതയെകുറിച്ചുള്ള ആശങ്കളൊക്കെ ഉയര്‍ത്തി റിപ്പോര്‍ട്ടുകള്‍ പടച്ചുവിടും . അങ്ങനെ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കാതിരിക്കാന്‍ വേണ്ടിയുള്ള ന്യായങ്ങളുടെ കൂട്ടമായി അതുമാറും .

ഇപ്പോള്‍ മലയാളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരേ ഒരു ഓസിആര്‍ (പ്രിന്റ് ചെയ്ത അക്ഷരങ്ങളെ സ്കാന്‍ ചെയ്ത് അക്ഷരങ്ങളെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ) IIIT ഹൈദരാബാദില്‍ പ്രൊഫ. ജവഹര്‍ നേതൃത്വം കൊടുത്ത് നിര്‍മ്മിച്ചതാണ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് അംഗം ജിനേഷ് ഈ പ്രൊജക്റ്റില്‍ ഭാഗഭാക്കായിരുന്നു. ഈ പ്രൊജക്റ്റും ഇപ്പോള്‍ ഇതേ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത് . ഇങ്ങനെയുള്ള കാര്യങ്ങളില്‍ IT വകുപ്പിനും TDIL നും മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ ഇതു റിലീസ് ചെയ്യിക്കാനാവൂ എന്ന അവസ്ഥയാണ് . സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ തങ്ങളാലാവുന്ന വിധം ഇതുന്നയിക്കുന്നുണ്ട് .

ഇതുപോലെ . TDIL പണം കൊടുത്ത് വിവിധ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ഒട്ടനവധി കോര്‍പ്പസ്സുകള്‍ നിര്‍മ്മിക്കുന്നുണ്ട് . ഇവ സ്വതന്ത്ര ലൈസന്‍സുകളിലായിരുന്നെങ്കില്‍ OCR ട്രെയിനിങ്ങിനും , TTS ഡെവലപ്മെന്റിനും Speech to Text സിസ്റ്റങ്ങളുടെയും Natural Language Processing പദ്ധതികള്‍ക്കും ഒക്കെ സഹായകരമായിരുന്നേനെ . ഈ നിലനില്‍ക്കുന്ന പരാജയപ്പെട്ട മാതൃകയെ ആണ് ഞങ്ങള്‍ വിജയിപ്പിച്ചു കാണിച്ച തുറന്ന മാതൃകയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നത് .

ഇതുപോലെ വിശ്വമലയാളമഹോത്സവത്തിലെ ഭാഷാകമ്പ്യൂട്ടിങ്ങ് സെമിനാറില്‍ തന്നെ ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലുണ്ടായി. സിഡിറ്റിനെ പ്രതിനിധീകരിച്ചു സംസാരിച്ച ഡോ. ഗോവിന്ദരു അവര്‍ തനതുലിപിക്കായി ഒരു ഓസിആര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച അനുഭവമാണ് വിശദീകരിച്ചത് . സിഡാക്ക് പുതിയ(ടൈപ്പ് റൈറ്റര്‍) ലിപിക്കായി നയന എന്ന ഓസിആര്‍ നിര്‍മ്മിച്ചതായിക്കേട്ട് സിഡിറ്റ് അതിന്റെ സോഴ്സ്കോഡിനായി സിഡാക്കിനെ സമീപിച്ചു . അതിന്റെ സോഴ്സ്കോഡ് പരിഷകരിക്കാമെന്ന് ഇവര്‍ കരുതിയത്രേ . എന്നാല്‍ സിഡാക്ക് പറഞ്ഞത് അവര് അങ്ങനെയൊന്ന് ഡെവലപ്പ് ചെയ്തിട്ടില്ലെന്നും അവരത് പുറത്തേതോ കമ്പനിക്ക് ഔട്ട്സോഴ്സ് ചെയ്ത് ചെയ്തതാണെന്നും അതുകൊണ്ട് സോഴ്സ്കോഡ് ലഭിച്ചില്ലെന്നും ആണ് . ചുരുക്കത്തില്‍ ഉത്തരവാദിത്വം ആര്‍ക്കും ഇല്ല. ഡോ. ഗോവിന്ദരു ഇതു പറഞ്ഞത് ഒത്തൊരുമിച്ച് പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഊന്നാനാണ്. പക്ഷേ ഇതും ചൂണ്ടിക്കാട്ടുന്നത് അതേ അടഞ്ഞ മാതൃകയുടെ പിഴവുതന്നെയാണ് . പൊതുപണം കൊണ്ട് നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്രലൈസന്‍സുകളില്‍ ഇറക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ഉദാഹരണവും ഊന്നുന്നത് .

മാനകീകരണത്തിലെ മാറുന്ന കാഴ്ചപ്പാട്

ഗവണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കലും അതിനനുസരിച്ച് സിഡാക്കും സിഡിറ്റും ഫോണ്ടും സോഫ്റ്റ്വെയറുണ്ടാക്കുകയും അത് നാട്ടുകാരെല്ലാം വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്ന കാലമൊക്കെപ്പോയി. ഇന്ന് സമൂഹവും വ്യവസായവും ആണ് സ്റ്റാന്‍ഡേര്‍ഡുകള്‍ ഉണ്ടാക്കുകയും പുതുക്കുകയും ചെയ്യുന്നതു് . അത് ISO, BIS തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡൈസിങ്ങ് ഏജന്‍സികളും ഗവണ്‍മെന്റുകളും സാങ്കേതിക മികവിന്റെയും മെറിറ്റിന്റെയും തുറവിയുടെയും ജനപിന്തുണയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്ത് അംഗീകരിച്ച് നടപ്പാക്കുന്ന കാലമാണ് .

ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കിയത് ഗവണ്‍മെന്റല്ല. ഒരു ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യം ആണ് . വെബ്സ്റ്റാന്‍ഡേര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം(w3c) ആണ് . സാമീപ്യതക്കുള്ള (Accessibility) സ്റ്റാന്‍ഡേര്‍ഡുകളുമതേ . ഓപ്പണ്‍ ഡോക്യുമെന്റ് ഫോര്‍മ്മാറ്റ് എന്ന സ്റ്റാന്‍ഡേര്‍ഡ് നിര്‍മ്മിക്കുന്നത് ഒറാക്കിളും ഐബിഎമ്മും, ഗൂഗിളും ഒക്കെ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് . ഇവയെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്ന പണി മാത്രമേ ഗവണ്‍മെന്റുകളുടേതായുള്ളൂ. അതുകൊണ്ടുതന്നെ 70കളിലെപ്പോലെ മലയാളം യൂണിവേഴ്സിറ്റിയായാലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായാലും ഇനിയും ലിപി പരിഷ്കരണവുമായി ഇറങ്ങുന്നത് മൌഢ്യമാണ്

ലിപി സ്വയം അതിനെ പുതുക്കുന്നുണ്ട്. ലിപി പരിഷ്കരിക്കുന്നത് അതുപയോഗിക്കുന്ന ജനസമൂഹമാണ് . പൌര്‍ണ്ണമി പുള്ളി കളഞ്ഞ് പൗര്‍ണ്ണമിയായതുപോലെ രേഫം ഉള്ള കുത്തക്ഷരങ്ങള്‍ ഉപയോഗത്തിലില്ലാതായപോലുള്ള പല പരിഷ്കാരങ്ങളും തനതായി ലിപിയില്‍ നടക്കുന്നുണ്ട് . ലിപി ഉപയോഗ പരിഷ്കരണം പബ്ലിഷിങ്ങ് ഇന്റസ്ട്രി കാലങ്ങളായി ചെയ്തു വരുന്നുണ്ട് . ദേശാഭിമാനിയുടെ സ്റ്റൈല്‍ ബുക്കില്‍ പാര്‍ട്ടി പാര്‍ടിയാവുന്ന പോലെയും മാധ്യമം മാദ്ധ്യമത്തെ മാധ്യമമാക്കിയതുപോലെയും ഉള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഇനിയും അത്തരം മാറ്റങ്ങള്‍ വരുകയും ജനങ്ങള്‍ തള്ളുകയും കൊള്ളുകയും ചെയ്തെന്നിരിക്കും. ജനം സ്വീകരിക്കുന്ന മാറ്റങ്ങളെ പഠിച്ചാല്‍ അതില്‍ ശാസ്ത്രീയതയും ക്രമാനുബന്ധമായ ഭാഷയുടെ ഒരു ലോജിക്കും ഉണ്ടെന്നു കാണാന്‍ സാധിക്കും. അധികാരസ്ഥാനം ഉപയോഗിച്ച് നടത്തുന്ന ലിപിപരിഷ്കരണം സര്‍ക്കാരിന്റെ ജോലിയല്ല .

ഇതിലെ പ്രധാനകാര്യം എന്നുപറയുന്നത് ഭാഷക്ക് ഒരു കമ്പ്യൂട്ടേഷണല്‍ ലോജിക്ക് ഉണ്ട് എന്നതാണ് . സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ചെയ്യുന്നത് ഈ ഭാഷയുടെയും ലിപിയുടേയും ലോജിക്കുകളെ ഭാഷാവിദഗ്ധന്‍മാരുടെ സഹായത്താല്‍ പ്രോഗ്രാമുകളിലേക്ക് മാറ്റിയെടുക്കുക എന്നതാണ് . തനതുലിപിയുടെ ഈ ലോജിക്കുകളെ നശിപ്പിച്ച് എക്സപ്ഷണല്‍ റൂളുകളിലൂടെ മാത്രം കമ്പ്യൂട്ടേഷന്‍ സാധ്യമാക്കുന്ന രീതിയിലേക്ക് ഭാഷാകമ്പ്യൂട്ടിങ്ങിനെ മാറ്റുകയുമാണ് ലിപിപരിഷ്കരണങ്ങള്‍ ചെയ്തത്. യൂണിക്കോഡില്‍ തന്നെ ചില്ലക്ഷരങ്ങളുടെ എന്‍കോഡിങ്ങ് നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആണവചില്ലുവാദികളായ സിഡാക്കിന്റെ മുന്‍കൈയില്‍ കത്തയപ്പിക്കുന്നതോടെയാണ് . ഓരോ ചില്ലക്ഷരവും അതിന്റെ അടിസ്ഥാനത്തില്‍ നിന്നു വേര്‍പ്പെട്ട് പ്രത്യേക അക്ഷരമായി (കാഴ്ചയിലല്ല, കമ്പ്യൂട്ടര്‍ എന്‍കോഡിങ്ങില്‍) മാറി .ചില്ലക്ഷരങ്ങള്‍ രണ്ടുവിധത്തില്‍ എഴുതാമെന്നെ തീരുമാനം വന്നപ്പൊള്‍ ഉണ്ടായ സാങ്കേതികപ്രശ്നം മലയാളം കമ്പ്യൂട്ടിങ്ങിനിപ്പോഴും തലവേദനയാണു്. ഇതേ പോലെത്തന്നെ ന്റ എന്ന അക്ഷരം ന്‍+ ചന്ദ്രക്കല + റ എന്നെഴുതണമെന്ന യൂണിക്കോഡിന്റെ നിര്‍ദ്ദേശത്തെയും, റ്റ എന്ന ഉച്ചാരണത്തിന്റെ പാതിയെ തമിഴിലെ ‘ടി’ എന്ന അക്ഷരം കൊണ്ടു് മലയാളത്തിലേക്ക് ചേര്‍ത്തപ്പോഴും , രേഫത്തിന്റെ ചിഹ്നം പ്രത്യേകം എന്‍കോഡ് ചെയ്തപ്പോഴും എല്ലാം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ശക്തമായി ഇടപ്പെട്ടിരുന്നുവെങ്കിലും ഇതു തിരുത്താനായിട്ടില്ല.. മലയാളഭാഷയ്ക്കു വേണ്ടി മുറവിളി കൂട്ടുകയും അതേ സമയം ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതു് ഇനിയും തുടരുന്നതു് ആര്‍ക്കും ഭൂഷണമല്ല.

മാനകീകരണവുമായി ബന്ധപ്പെട്ട് ഇടപെടേണ്ട മേഖലകളില്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ നോക്കികുത്തികളാവുകയോ ഭാഷയുടെ ഡിജിറ്റല്‍ ഭാവിയെ വളരെയധികം ബാധിക്കുകയും ചെയ്യുന്ന മേഖലകളില്‍ ദോഷകരമായി ഇടപെടുകയുമാണ് ഇതുവരെയുള്ള അനുഭവം. കുപ്രസിദ്ധമായ മലയാളത്തിലെ ചില്ലക്ഷര-യുണിക്കോഡ് ചര്‍ച്ചയില്‍ ശക്തമായ നിലപാടെടുക്കുകയും മലയാളത്തോടു് യാതൊരു ബാധ്യതയുമില്ലാത്ത സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ തീരുമാനിക്കുന്ന തെറ്റായ എന്‍കോഡിങ്ങ് സ്റ്റാന്‍ഡേഡുകളെ ജനമധ്യത്തില്‍ , കുറഞ്ഞതു് ഇന്റര്‍നെറ്റിലെങ്കിലും തുറന്നു കാട്ടുന്നതിലും വളരെ വലിയൊരു പങ്കു വഹിച്ച് പ്രശ്നത്തില്‍ സജീവമായി ഇടപെട്ടെങ്കിലും യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ മാത്രം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും അതിനു് മുമ്പ് രചന അക്ഷരവേദിയും യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിനു സമര്‍പ്പിച്ച രേഖകള്‍ക്കു് കഴിഞ്ഞില്ല.

കഴിഞ്ഞകാലങ്ങളില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് യൂണിക്കോഡ് ഫോണ്ടുകളില്‍ മാനകീകരണം കൊണ്ടുവന്നിട്ടുണ്ട് . ഒരേഫോണ്ട് ഗ്നു/ലിനക്സിലേയും വിന്‍ഡൊസിലും ചിത്രീകരണ സംവിധാനങ്ങളില്‍ പിഴവുകളില്ലാതെ കാണണമെങ്കില്‍ ഈ മാനകീകരണം പിന്‍പറ്റേണ്ടതുണ്ട് . ഇതുപോലെ വിവിധ പ്രോഗ്രാമുകളുടെ മെനു ഭാഷാന്തരീകരണം ചെയ്യുമ്പോള്‍ മാനകീകരണം ഉറപ്പുവരുത്താനുള്ള ഒരു പ്രോജക്ട് ആയ FUEL(Frequently Used Entries in Localisation) റെഡ്ഹാറ്റിന്റെ മുന്‍കൈയില്‍ എല്ലാ ലോകഭാഷകള്‍ക്കുമായി നടക്കുനുണ്ട്. ഇതിന്റെ മലയാളഭാഗം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ സഹകരണത്തോടെയാണ് നടക്കുന്നത് . അതായതു്, മിക്ക പ്രോഗ്രാമുകളിലും പൊതുവായ ചില മെനുകള്‍ കാണും. ഓരോ പ്രോഗ്രാമും വെവ്വേറെ ടീമുകള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ഒരേ മെനു തന്നെ വിവിധ പ്രോഗ്രാമുകളില്‍ വിവിധ രീതിയില്‍ പരിഭാഷപ്പെടുത്തി കാണാറുണ്ടു്. ഇതു് അനാവശ്യമാണെന്നു തന്നെയല്ല, പുതുതായി വരുന്ന ഒരു ഉപഭോക്താവിനു് പരിഭ്രമമുണ്ടാക്കുന്നതുമാണു്. ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്കു് പൊതുവായി ഉപയോഗിക്കാവുന്ന പരിഭാഷാ സഹായികള്‍ വേണം. അങ്ങനെ വരുമ്പോള്‍ source എന്നതിനു് ഒരു പ്രോഗ്രാമില്‍ ഉറവ എന്നും മറ്റൊരു പ്രോഗ്രാമില്‍ സ്രോതസ്സ് എന്നും ഉപയോഗിക്കുന്നതു് തടയാം. പകരം ഇവയില്‍ ഏതെങ്കിലും ഒന്നിനെ മാനകമായി നിശ്ചയിക്കാം. . ഇത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ക്കപ്പുറം വിന്‍ഡോസ് അടക്കമുള്ള സിസ്റ്റങ്ങളിലേക്കും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന പദ്ധതികളിലേക്കും എത്തിക്കാനേ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുള്ളൂ. ഉദാഹരണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അവരുടെ ഈ ഗവര്‍ണന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ ഭാഗമായി ഫ്യൂവലിനെ അംഗീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനമായ സീഡാക്ക് ഭാഷാ കമ്പ്യൂട്ടിങ്ങ് സ്റ്റാന്‍ഡേഡുകള്‍ നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ മിക്കവാറും ഉത്തരവാദിത്തമില്ലായ്മയുടെയും സാങ്കേതികപ്പിഴവുകളുടെയും മകുടോദാഹരണങ്ങളാവാറുണ്ടു്. സീഡാക്കിന്റെ ഇന്‍സ്ക്രിപ്റ്റ് സ്റ്റാന്‍ഡേഡിനെതിരെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വ്യക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ടു്. സര്‍ക്കാറിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയും സ്കൂളുകളിലെ ടൈപ്പിങ്ങ് പഠനവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരിപാലിക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീബോഡ് അനുവര്‍ത്തിക്കുന്നു. ഈയിടെ മലയാളത്തിലുള്ള ഇന്റര്‍നെറ്റ് വിലാസങ്ങള്‍ക്കു വേണ്ടി സീഡാക്ക് തയ്യാറാക്കിയ രൂപരേഖയെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പരസ്യമായ വിമര്‍ശനത്തിനു വിധേയമാക്കുകയും ആ രൂപരേഖ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു് പുനഃപരിശോധിക്കാന്‍ സീഡാക്ക് തയ്യാറാവുകയും ചെയ്തിരുന്നു.

മുന്നോട്ടുള്ള വഴി.

ഇതുവരെ കണ്ട എല്ലാ വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാനാവുന്നതു്, ഇന്നു് മലയാളത്തിന്റെ കാര്യത്തില്‍ കമ്പ്യൂട്ടര്‍ എത്രത്തോളം പ്രയോഗക്ഷമമാണെന്നു് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിയ്ക്കുന്നവര്‍ക്കു് യാതൊരു അറിവുമില്ലെന്നതാണു്.

മലയാളം യൂണിവേഴ്സിറ്റിയായാലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായാലും എനി ഏതു പദ്ധതി ആവിഷ്കരിക്കരിക്കുന്നതിനും മുന്നോടിയായി ചെയ്യേണ്ടത് ഇതുവരെയുള്ള പിഴവുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ലലും തുറന്ന മാതൃകകളെ സ്വീകരിക്കലുമാണ് . എന്തൊക്കെ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എവിടെയൊക്കെ ആരൊക്കെ അതു ചെയ്തിട്ടുണ്ട് , പുതുതായി എന്തൊക്കെ ചെയ്യാനുണ്ട് , അത് എങ്ങനെ വേണം , നിര്‍മ്മിക്കുന്നതു് എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്ന ആലോചനകള്‍ ഭാഷാ വിദഗ്ധരും ഭാഷാ സാങ്കേതിക വിദഗ്ധരും ആയി കൂടിയാലോചിച്ചുവേണം മലയാളം കമ്പ്യൂട്ടിങ്ങില്‍ ഏതു പുതിയ പദ്ധതിയും തീരുമാനിക്കാന്‍. ഗവണ്‍മെന്റ് പ്രൊജക്റ്റുകള്‍ ഇതുവരെ പരാജയപ്പെട്ട മേഖലയാണ് ഇവയെന്നതിനാല്‍ ഇത് സുപ്രധാനമാണ് . അങ്ങനെയൊന്നില്ലാതെയാണ് മലയാളത്തനിമ പദ്ധതി രൂപീകരണവും മലയാളം കമ്പ്യൂട്ടര്‍ ലിപിയാക്കുമെന്ന മലയാളം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ പ്രസ്താവനയും കാണുന്നത് . കണ്‍സള്‍ട്ടേഷന്‍ പദ്ധതി നടപ്പിലാക്കലിനുമാത്രമല്ല , പദ്ധതി രൂപീകരണത്തിലും ആവശ്യമാണെന്നതാണ് 2008 മുതല്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് .

വിശ്വമലയാളമഹാസമ്മേളനം മാതൃകയാക്കിയ ഉലകത്തമിഴ് മാനാടിന്റെ ഭാഗമായി കനിത്തമിഴ് സംഘവും തമിഴ് വെര്‍ച്വല്‍ യൂണിവേഴ്സിറ്റിയും സഹകരിച്ച് സംഘടിപിച്ച ഇണൈയം 2010 ലെ പേപ്പറുകള്‍ റഫറന്‍സ് പുസ്തകമായി ഇന്ന് ലഭ്യമാണ് . അവ താഴെപ്പറയുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു . കമ്പ്യൂട്ടര്‍ വഴിയുള്ള തമിഴ്‌ പഠനം (21 പേപ്പര്‍ ) , ഇന്റര്‍നെറ്റും വിദ്യാഭ്യാസരംഗവും (6 പേപ്പര്‍ ) തമിഴ് ഭാഷാ കമ്പ്യൂട്ടിങ്ങ് (21 പേപ്പര്‍) , തമിഴ് സ്പെല്‍ ചെക്കര്‍ (6 പേപ്പര്‍ ), തമിഴ് ടെക്സ്റ്റ് ടു സ്പീച്ച് (13 പേപ്പര്‍), തമിഴ് ഡിജിറ്റല്‍ ലൈബ്രറിയും നിഘണ്ടുകളും (12 പേപ്പര്‍ ) , ഇന്റര്‍നെറ്റിനായുള്ള തമിഴ് അപ്ലിക്കേഷനുകള്‍ (5 പേപ്പര്‍ ) , തമിഴ് ഓസിആര്‍ ( 7 പേപ്പര്‍) , മെഷീന്‍ ട്രാന്‍സ്ലേഷന്‍ (11 പേപ്പര്‍ ), തമിഴ് ടൈപ്പിങ്ങും ഫോണ്ടുകളും (3 പേപ്പര്‍), ഇന്റര്‍നെറ്റും തമിഴ് ഭാഷയുടെ പരിണാമവും (4 പേപ്പര്‍) , തമിഴും ഈ ഗവര്‍ണന്‍സും (7 പേപ്പര്‍) , കമ്പ്യൂട്ടര്‍ വഴി വിദൂരവിദ്യാഭ്യസം (8 പേപ്പര്‍) , തമിഴ് സെര്‍ച്ച് (7 പേപ്പര്‍) , തമിഴ് മൊബൈല്‍ കമ്പ്യൂട്ടിങ്ങ് (5 പേപ്പര്‍), തമിഴ് യൂണിക്കോഡ് (5 പേപ്പര്‍) . അക്കാദമിക് രംഗത്തുള്ളവരെയും ഇന്റസ്ട്രി പ്രൊഫഷണലുകളേയും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെയും വിക്കിപീഡിയ പ്രവര്‍ത്തകരെയും ഒക്കെ ഉഅണിനിരത്തിക്കൊണ്ടുനടന്ന ഇത്തരം പരിപാടികളുടെ വിവരങ്ങള്‍ വിശ്വമലയാളമഹാസമ്മേളനത്തിന്റെ നടത്തിപ്പുകാര്‍ ഒന്നു മറിച്ചുനോക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു . മലയാളം കമ്പ്യൂട്ടിങ്ങ് ഇന്ന് തമിഴ്‌കമ്പ്യൂട്ടിങ്ങിനേക്കാള്‍ വളര്‍ച്ച പ്രാപിച്ച രംഗമാണ് , എന്നാല്‍ ഭാഷയെന്നാല്‍ സാഹിത്യമാണെന്നും ഭാഷാ കമ്പ്യൂട്ടിങ്ങ് എന്നാല്‍ ലിപിപരിഷകരണമാണെന്നും ധരിച്ചുവെച്ചിരിക്കുന്ന സര്‍ക്കാര്‍ മനസ്ഥിതി മാറിയാല്‍ മാത്രമേ ഈ രംഗത്തെ മുന്നേറ്റങ്ങളില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും മലയാളം യൂണിവേഴ്സിക്കുമൊക്കെ ക്രിയാത്മകമായ പങ്ക് വഹിക്കാനാവൂ

ഒരു ഭാഗത്ത് ഭാഷ മരിക്കുന്നു എന്ന മുറവിളികളും , ലിപി കമ്പ്യൂട്ടര്‍ ലിപിയാക്കുക എന്ന ബ്യൂറോക്രാറ്റിക് പരിഹാര ചിന്തയും നടക്കുമ്പോള്‍ മറുഭാഗത്ത് ഇന്റര്‍നെറ്റില്‍ മലയാളം പുതിയ മേഖലകളിലേക്ക് വളരുകയാണ് .ലോക ഭാഷകളില്‍ ലേഖനത്തിന്റെ മേന്‍മയില്‍ (പേജ് ഡെപ്‌ത്ത് ) മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന മലയാളം വിക്കിപീഡിയയില്‍ ഈ ലേഖനമെഴുതുമ്പോള്‍ 27000 ല്‍പ്പരം ലേഖനങ്ങളുണ്ട് . മലയാളം വിക്കിഗ്രന്ഥശാല കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ നിരവധി ഗ്രന്ധങ്ങളെ സ്കൂള്‍കുട്ടികളുടെ വരെ സഹായത്താല്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിരിക്കുന്നു . അദ്ധ്യാത്മരാമായണം കിളിപ്പാട്ടും ബൈബിളും ഖുര്‍ആനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കുഞ്ചന്‍നമ്പ്യാരുടേയും ശ്രീനാരായണഗുരുവിന്റെയും സമ്പൂര്‍ണ്ണകൃതികളും , ഐതിഹ്യമാലയും ഇന്ദുലേഖയും കുന്ദലതയും കേരളപാണിനീയവും ഒക്കെ അടക്കം വൈവിധ്യമാര്‍ന്ന ഒരു ഡിജിറ്റല്‍ ശേഖരമായി വിക്കിഗ്രന്ഥശാല മാറിക്കഴിഞ്ഞു. ഇപ്പോള്‍ അറബി മലയാളത്തിലുള്ള നഫീസത്ത് മാല പോലുള്ള കൃതികളടക്കം വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാണ് . വീഡിയോ പ്ലേയറുകള്‍ക്ക് മലയാള പിന്തുണ ലഭ്യമായതോടെ ക്ലാസിക് സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റിലുകള്‍ നിര്‍മ്മിക്കാനുള്ള പ്രയത്നങ്ങള്‍ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്നു. ചുരുക്കത്തില്‍ മലയാളം ഈ പുതുവഴികളിലൂടെ വളരുന്നത് മനസ്സിലാക്കലും പ്രോത്സാഹിപ്പിക്കലും സാഹചര്യമൊരുക്കലും ആണ് ഇനി അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത് .